കോതമംഗലം കോഴിപ്പിള്ളിക്ക് സമീപം വാട്ടർ അഥോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ തകർന്ന് വെള്ളം പുറത്തേക്കൊഴുകുന്നു.
കോതമംഗലം: കോഴിപ്പിള്ളിക്ക് സമീപം വാട്ടർ അഥോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ തകർന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. റോഡിലെ ടാറിംഗ് തകർന്ന് ഗർത്തം രൂപപ്പെട്ടു. ഇന്നലെ രാവിലെയാണ് കോഴിപ്പിള്ളി പാലത്തിനും പമ്പ് ഹൗസിനും ഇടയിൽ പൈപ്പ് പൊട്ടിയത്.
പമ്പ് ഹൗസിൽ നിന്ന് അമ്പല പറമ്പിലെ ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് ലൈനാണ് തകർന്നത്. ഇരച്ചെത്തിയ വെള്ളം സമീപത്തെ വീടിനകത്തേക്ക് കയറുകയും സാധന സാമഗ്രികൾ നനഞ്ഞ് പോവുകയും ചെയ്തു. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ റോഡിൽ ഗർത്തം രൂപപ്പെടുകയും ചെയ്തു.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാട്ടർ അഥോറിറ്റി മോട്ടർ ഓഫ് ചെയ്തതോടെയാണ് നീരൊഴുക്ക് നിലച്ചത്. പൈപ്പ് പൊട്ടിയതോടെ നഗരത്തിലെ ശുദ്ധജല വിതരണം തടസപ്പെടുകയും ചെയ്തു.
Tags : Local News Nattuvishesham Ernakulam