കൊച്ചി: പുതിയ സര്‍ക്കാരിനു കീഴില്‍ പോലീസ് സേന പുത്തന്‍ പരിഷ്കാരങ്ങള്ക്കൊരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ വൈറ്റിലയില്‍ പോലീസ് സ്റ്റേഷന് വേണമെന്ന ദീര്‍ഘനാളായുള്ള ആവശ്യത്തിന് പച്ചക്കൊടി പ്രതീക്ഷിച്ച് ജനപ്രതിനിധികളും പ്രദേശവാസികളും.
നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലൊന്നായിട്ടും പ്രദേശത്ത് പോലീസ് സ്റ്റേഷന് എന്ന് ആവശ്യം തത്കാലം പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍. വൈറ്റില ഹബ്ബ്, വാട്ടര്‍ മെട്രോ, കൊച്ചി മെട്രോ തുടങ്ങിയ വിവിധ ഗതാഗത സംവിധാനങ്ങളിലൂടെയടക്കം ആയിരക്കണക്കിന് പേരാണ് ദിവസേന വൈറ്റിലയിലെത്തുന്നത്. അതുകൊണ്ടുതന്നെ പോലീസിന്റെ നിരീക്ഷണം അത്യാവശ്യമാണെന്ന നിലപാടിലാണ് ജനപ്രതിനിധികളും നാട്ടുകാരും.
മരട് പോലീസ് സ്റ്റേഷന് പരിധിയിലാണ് നിലവില്‍ വൈറ്റില. ഇത് പ്രദേശത്തുനിന്നും അഞ്ച് കിലോമീറ്ററിലധികം അകലെയാണ്. വാഹനാപകടങ്ങള്‍ ഉള്‍പ്പെടയുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ പോലീസിന് പ്രദേശത്ത് എത്തിച്ചേരാന്‍ സമയമെടുക്കേണ്ടിവരുന്നു.
ഓഫീസ് സമയങ്ങളില്‍ പോലീസിന് വൈറ്റിലയില്‍ എത്തിപ്പെടാന്‍ ഒരുമണിക്കുറോളം സമയം വേണ്ടിവന്ന സാഹചര്യങ്ങളുമുണ്ട്. വൈറ്റില ഭാഗത്തുനിന്നു പരാതികളുമായി സ്റ്റേഷനിലേക്കു പോകേണ്ടവരും ദുരിതത്തിലാണ്. കുണ്ടന്നൂര്‍ വരെ മാത്രമാണു എപ്പോഴും ബസ് സര്‍വീസുള്ളത്. സ്വകാര്യ വാഹനങ്ങള്‍ ഇല്ലാത്തവര്‍ ഇവിടെ നിന്നു മരട് സ്റ്റേഷന് വരെ ഓട്ടോറിക്ഷ പോലുള്ള ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയുമുണ്ട്.
ജനത്തിരക്കിന്റെ മറവില്‍ ഇവിടെ മോഷണങ്ങളും കുറ്റകൃത്യങ്ങളും പതിവാണ്. പ്രദേശത്തെ പോലീസ് സ്റ്റേഷന്റെ അഭാവം മൂലം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന ക്രിമിനലുകള്‍ക്കു കൃത്യത്തിനുശേഷം പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ മിനിറ്റുകള്‍ മാത്രം മതിയെന്ന അവസ്ഥയാണിപ്പോള്‍. പലപ്പോഴും വിവരമറിഞ്ഞു പോലീസ് എത്തുമ്പോഴേക്കും പ്രതികള്‍ കടന്നുകളയുകയാണ്.
മേഖലയിലെ റെസിഡന്റ്സ് അസോസിയേഷനുകള്‍ പോലീസ് സ്റ്റേഷന് ആവശ്യപ്പെട്ടു പല തവണ ആഭ്യന്തര വകുപ്പിനു നിവേദനങ്ങള്‍ നല്‍കുകയും മന്ത്രിമാരോടു നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടും പ്രയോജനമുണ്ടായില്ല. നിലവില്‍ ഇവിടെ ഒരു പോലീസ് എയ്ഡ്പോസ്റ്റ് മാത്രമാണുള്ളത്.
സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും: ഉമാ തോമസ് എംഎല്‍എ
വൈറ്റിലയില്‍ പോലീസ് സറ്റേഷന് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത സർക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. മരട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിലവില്‍ വൈറ്റില. യാത്രാദൂരം അടക്കമുള്ളവ പരിഗണിക്കുമ്പോള്‍ പുതിയ സ്റ്റേഷന് അത്യാവശ്യമാണ്. ഇതിനായി വൈറ്റില ഹബ്ബിന്റെ സ്ഥലം പ്രയോജനപ്പെടുത്താവുന്നതാണ്. വിവരങ്ങള്‍ ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.