പ്രതീകാത്മക ചിത്രം
കാസർഗോഡ്: ഓണത്തിനു മുമ്പ് ക്ഷേമ പെൻഷൻ ഇനത്തിൽ ജില്ലയിലെ വിവിധ സഹകരണസ്ഥാപനങ്ങൾ വഴി ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ചു നൽകുന്നത് 17.23 കോടി രൂപ. കർഷക തൊഴിലാളികൾ, വിധവകൾ, അവിവാഹിതരായ മുതിർന്ന സ്ത്രീകൾ, ഭിന്നശേഷിക്കാർ, വയോധികർ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത്.
സഹകരണസ്ഥാപനങ്ങൾക്ക് പെൻഷൻ വിതരണത്തിനുള്ള തുക വ്യാഴാഴ്ചയാണ് സർക്കാരിൽനിന്ന് കൈമാറിക്കിട്ടിയത്. ഓണത്തിനു മുമ്പു തന്നെ എല്ലാവർക്കും പെൻഷൻ തുക എത്തിച്ചുനൽകണമെന്ന നിർദേശമുള്ളതിനാൽ ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്റുമാരടക്കമുള്ള ജീവനക്കാർ ഇന്നലെ മുതൽ പെൻഷൻ വിതരണത്തിന്റെ തിരക്കിലായി.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 66 പ്രാഥമിക സഹകരണസംഘങ്ങൾ മുഖേനയാണ് ഇത്തവണ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. ഇത്തവണ ഏറ്റവും കൂടുതൽ പേർക്ക് പെൻഷൻ എത്തിച്ചു നൽകുന്നത് നീലേശ്വരം സർവീസ് സഹകരണ ബാങ്കാണ്. 4,569 പേർക്കാണ് നീലേശ്വരം ബാങ്ക് മുഖേന പെൻഷൻ വിതരണം ചെയ്യുന്നത്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഹൊസ്ദുർഗ് സഹകരണ ബാങ്ക് മുഖേന പെൻഷൻ വിതരണം ചെയ്യുന്നത് 4,553 പേർക്കാണ്. ഇവ രണ്ടും യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളാണെന്ന പ്രത്യേകതയുമുണ്ട്. അതേസമയം നിരവധി പഞ്ചായത്തുകളിൽ എൽഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങൾക്കും ക്ഷേമപെൻഷൻ വിതരണത്തിന്റെ ചുമതല നൽകിയിട്ടുണ്ട്.
ഒരാളിന് പെൻഷൻ വീട്ടിലെത്തിച്ചുനൽകുമ്പോൾ ബന്ധപ്പെട്ട ജീവനക്കാർക്ക് 25 രൂപയും സഹകരണ സ്ഥാപനത്തിന് അഞ്ചു രൂപയുമാണ് സർക്കാരിൽനിന്ന് ഇൻസെന്റീവായി ലഭിക്കുക. മലയോരമേഖലകളിലും മറ്റും ഗുണഭോക്താക്കളുടെ വീടുകളിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്നതിനാൽ ഈ തുക വണ്ടിക്കു പെട്രോളടിക്കാൻ പോലും തികയുന്നില്ലെന്ന പരാതി നേരത്തേയുണ്ട്. ഈ തുക തന്നെ കഴിഞ്ഞ സർക്കാരിന്റെ അവസാനകാലം മുതൽ എട്ടുമാസമായി മുടങ്ങിക്കിടക്കുകയുമാണ്. ഓണത്തിനു മുമ്പ് ഇതുകൂടി ലഭിച്ചിരുന്നെങ്കിൽ പെൻഷൻ വിതരണം ചെയ്യുന്നവർക്കും സന്തോഷമായി ഓണമാഘോഷിക്കാൻ കഴിയുമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.
Tags : NattuVishesham DistricteNews