എഴുകോണിൽ മിന്നലേറ്റ് വീടിന്റെ ഭിത്തി തകർന്ന നിലയിൽ.
കൊല്ലം: നെടുമ്പനിയിലും എഴുകോണ്‍ പുതുശേരിക്കോണത്തും ഇടിമിന്നലേറ്റ് നാശനഷ്ടമുണ്ടായി. നെടുമ്പനയില്‍ വീട്ടില്‍ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. ഇരുവരുടെയും ശരീരത്തിന് പൊള്ളലേറ്റു. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്.
നെടുമ്പന പഞ്ചായത്ത് പത്താം വാര്‍ഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനില്‍ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകന് ആദിദേവ് (5) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയേറ്റ് ഇവരുടെ വീടിന്റെ ചുവരും കിണറും തകര്‍ന്നു. സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിച്ചു. ഇലക്ട്രിക് വയറുകള്‍ കത്തിപ്പോയി. മഴ കുറഞ്ഞ സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടായത്.
ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭര്‍ത്താവിന്റെ അമ്മ നന്ദിനിയും വീടിന്റെ മുന്‍വശത്തെ മുറിയില്‍ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയായിരുന്നു. അതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയി.
പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും ഉണ്ടായി. അവിടെ വച്ചാണ് അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റത്.
ഇരുവരുടെയും നിലവിളി കേട്ട് നന്ദിനിയും മറ്റു മക്കളും അടുക്കള ഭാഗത്തേക്ക് എത്തിയപ്പോള്‍ അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് കണ്ടത്.
ബഹളം കേട്ട് അയല്‍വാസികളും അവിടേക്ക് എത്തി. ഇരുവരെയും ആദ്യം നെടുമ്പന ടിബി ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കുഞ്ഞിന്റെ നില ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. അമ്മയെയും കുഞ്ഞിനൊപ്പം അതേ ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്നു.
വീടിന് നാശം
എഴുകോണ്‍ : പുതുശേരിക്കോണം പാലവിള പുത്തന്‍വീട്ടില്‍ വൈ. തോമസിന്റെ വീടിന് ഇടിമിന്നലേറ്റ് നാശനഷ്ടമുണ്ടായി. രാത്രി ഒമ്പതരയോടെ തോമസിന്റെ മകന് ശ്യാം ആഹാരം കഴിക്കാനിരുന്ന സമയത്താണ് ഇടിമിന്നല്‍ ഏറ്റത്. ഇടിയുടെ ആഘാതത്തില്‍ ശ്യാം ദൂരെ തെറിച്ച് വീഴുകയും കൈയ്ക്കും കാലിനും പൊള്ളലേക്കുകയും ചെവിക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. എണീറ്റ ശ്യാം കത്തിക്കൊണ്ടിരിക്കുന്ന ഫ്രിഡ്ജിന് മുകളിലേക്ക് വെള്ളം ഒഴിച്ച് അണച്ചു. വീടിന്റെ അടുക്കളയുടെ സ്ലാബ്, പാല്‍ക്കുപ്പി, ഉപ്പ് വച്ചിരുന്ന ഭരണി തുടങ്ങിയ വീട്ടുപയോഗ സാധനങ്ങള്‍ പൊട്ടിത്തെറിച്ച് നിലത്ത് വീണു. ഫ്യൂസ്, മീറ്റര്‍ ബോര്‍ഡ് മറ്റ് ഇലക്ട്രിക്കല്‍ ബോര്‍ഡുകള്‍ എന്നിവ പൊട്ടി ത്തെറിച്ചു. വീടിന്റെ പുറം ഭാഗങ്ങളില്‍ ഭിത്തികള്‍ പൊട്ടിപിളര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചു. വീടിന് സമീപം നിന്ന തേക്ക് മരം ഇടിമിന്നലേറ്റ് പിളര്‍ന്നു.
ഇടിമിന്നലേറ്റ് പശു ചത്തു
എഴുകോണ്‍ : കൊച്ചാഞ്ഞിലമൂട് സന്തോഷ് ഭവനില്‍ സുബാഷിന്റെ ഭവനത്തിൽ ഇടിമിന്നലേറ്റ് കറവയ്ക്കു പ്രായമായ പശു ചത്തു. വീട്ടിലെ വയറിംഗ്, മീറ്റര്‍ ബോര്‍ഡ് എന്നിവ കത്തിപ്പോയി. ഭിത്തികള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഈ സമയത്ത് വീട്ടില്‍ അമ്മ രാധാമണിയും സുഭാഷിന്റെ ഭാര്യയും രണ്ടു മക്കളുമായിരുന്നു ഉണ്ടായിരുന്നത്. ആളപായമില്ല.
Tags :