പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: വയനാട്ടിലെ പനമരം പഞ്ചായത്തില്‍പ്പെട്ട ചീക്കല്ലൂരില്‍ എയര്‍സ്ട്രിപ് നിര്‍മിക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി.
500 ഓളം ഏക്കര്‍ നെല്‍വയല്‍ നികത്തുന്നതിനും വ്യാപകമായ കുന്നിടിക്കലിനും ഇടയാക്കുന്നതും ആയിരത്തിലധികം കുടുംബങ്ങളെ നേരിട്ടുബാധിക്കുന്നതുമായ പദ്ധതി ഉപക്ഷേിക്കണമെന്ന് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജനഹിതം മാനിക്കാതെ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ചീക്കല്ലൂരിലെ കര്‍ഷകര്‍ക്കൊപ്പം ശക്തമായ ചെറുത്തുനില്‍പ്പ് നടത്താന്‍ തീരുമാനിച്ചു. വയനാടിന് പ്രത്യേക ഗുണം ചെയ്യാത്തതാണ് എയര്‍സ്ടിപ് പദ്ധതി. ഒരു പതിറ്റാണ്ട് മുമ്പ് ജനകീയ സമരത്തെത്തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സ്ഥലം സന്ദര്‍ശിച്ചശേഷം നിര്ത്തിവയ്പ്പിച്ചതാണ് ചീക്കല്ലൂര്‍ എയര്‍സ്ട്രിപ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരടക്കം തത്പരകക്ഷികളാണ് പദ്ധതി പൊടിതട്ടിയെടുത്തത്.
തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനത്തിനാണ് ഇവര്‍ കോപ്പുകൂട്ടുന്നത്. കഴിഞ്ഞ കാല് നൂറ്റാണ്ടിനിടെ ജില്ലയില്‍ നെല്‍വയലുകളുടെ വിസ്തൃതിയില്‍ ഗണ്യമായ കുറവാണുണ്ടായത്. ശേഷിച്ചതില്‍ ഏറ്റവും വിശാലവും ഫലഭൂയിഷ്ഠവുമാണ് ചീക്കല്ലൂര്‍ പാടശേഖരം.
എയര്‍സ്ട്രിപ് നിര്‍മാണത്തിന് വയലുകള്‍ പൈലിംഗ് നടത്തി ആറര മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തേണ്ടതുണ്ട്. ഇത് പനമരം പഞ്ചായത്തിലെ ഇതര പ്രദേശങ്ങളില്‍ ജലക്ഷാമത്തിന് കാരണമാകും.
പാടശേഖരത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ചെറിയ പുഴ നികത്തുന്നത് സമീപപ്രദേശങളില് വെളളപ്പൊക്ക കെടുതികള്‍ക്ക് കാരണമാകും. ജില്ലയില്‍ എയര്‍സ്ട്രിപ് വേണമെന്ന് നിര്ബന്ധമുള്ളവര് സര്‍ക്കാരിന് പൂര്‍ണ ഉടമാവകാശം ഉള്ളതും ഇപ്പോഴത്തെ കൈവശക്കാര്‍ക്ക് കൃഷിക്കുമാത്രമാണ് അവകാശമെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും വിധിച്ചതുമായ തോട്ടം ഭൂമികളില്‍ യോജ്യമായ സ്ഥലം കണ്ടെത്തി പ്രവൃത്തി നടത്തണമെന്ന് സമിതി നിര്‍ദേശിച്ചു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍, ബാബു മൈലമ്പാടി, പി. എം. സുരേഷ്, സണ്ണി മരക്കടവ്, സി.എസ്. ഗോപാലകൃഷ്ണന്, എം. ഗംഗാധരന്, തച്ചമ്പത്ത് രാമകൃഷ്ണന്, എം.വി. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
Tags :