പ്രതീകാത്മക ചിത്രം
കുറ്റിപ്പുറം: തിരുനാവായ കൊടക്കല്ല് ബന്ദര്‍കടവിലെ കായല്‍പട്ടണം ജിന്ന് മഹ്ളറ എന്ന ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാര്‍ ഇടപെട്ട് പൂട്ടിച്ചു.
ആത്മീയ ചികിത്സയെന്ന പേരില്‍ ആളുകളെ പറ്റിച്ച് പണം തട്ടുന്നതിനെതിരേ നാട്ടുകാര്‍ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു. ജിന്ന് മുറിച്ച വാഴപഴം എന്ന പേരില്‍ ഇവിടെ നിന്ന് 2500 രൂപക്ക് പഴം വില്പന നടത്തിയിരുന്നു. ഇതിനുപിന്നിലുള്ള തട്ടിപ്പ് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി താജുദ്ദീന് പല്ലാര്‍, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.പി. ഹബീബ്, വൈറ്റ് ഗാര്‍ഡ് സ്റ്റേറ്റ് ക്യാപ്റ്റന്‍ സിറാജ് പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ തട്ടിപ്പ് ചോദ്യം ചെയ്തത്.
1000 രൂപ വിലയിട്ട മാന്ത്രിക വാഴപഴം ലേലം ചെയ്ത് ഒടുവില്‍ 2500 രൂപയ്ക്കാണ് ഒരാള്‍ വാങ്ങിയത്. തൊലി കളയാതെ തന്നെ ഉള്ളിലെ പഴം കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് ഈ വാഴപ്പഴം. ഇത് ജിന്ന് മുറിച്ചതാണെന്നാണ് ഇവര്‍ അവകാശപ്പെട്ടത്.എന്നാല്‍, ഇതിന്റെ രഹസ്യം സമൂഹമാധ്യമങ്ങളില്‍ പലരും ചുരുളഴിച്ചു.
പഴത്തിനുള്ളിലേക്ക് തയ്യല്‍ സൂചി കടത്തി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാല്‍ ഇതുപോലെ മുറിച്ചെടുക്കാന്‍ കഴിയും. ഇതോടെ വ്യാപക പരിഹാസമാണ് തട്ടിപ്പുസംഘത്തിനെതിരേ ഉയര്‍ന്നത്. പൂട്ടിക്കാനെത്തിയ നാട്ടുകാര്‍ ഒരു പഴം കൊണ്ട് വന്ന് മൊബൈല്‍ കാമറ ഓണാക്കി മുറിച്ച് കാണിക്കാനും ആവശ്യപ്പെട്ടു. ഇപ്പോള്‍ അതിന് കഴിയില്ലെന്നായിരുന്നു മറുപടി. മൂവാറ്റുപുഴ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ഇവിടെ ആത്മീയ നേതാവായി വേഷമിട്ട് തട്ടിപ്പ് നടത്തുന്നത് എന്നാണ് വിവരം.
എല്ലാ ഞായറാഴ്ചകളിലും പുലര്‍ച്ചെയാണ് ഖുതുബിയത് മജ്ലിസ് എന്ന പേരില്‍ ആത്മീയ സദസ് നടത്തുന്നത്. രോഗമുക്തിക്കും മറ്റുമായി കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും നിരവധി ആളുകളാണ് ഇതില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു.ഇവരില്‍നിന്ന് വന്‍ തുകയാണ് സംഘം തട്ടിയെടുക്കുന്നത്.
Tags : protest NattuVishasham DistrictNews