കൊല്ലങ്കാവിൽനിന്നു പാറയിൽനട ഭാഗത്തേയ്ക്ക് കാട്ടുപോത്ത് നടന്നുവരുന്നതിന്റെ സിസിടിവി ദൃശ്യം.
നെടുമങ്ങാട്: കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽക്കണ്ട കാട്ടുപോത്ത് ഇന്നലെ നെടുമങ്ങാട്ടെത്തി. നഗരസഭാ പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായി.
ഇന്നലെ രാവിലെ നെടുമങ്ങാട് കരിപ്പൂർ വാണ്ട ഗാന്ധിനഗർ ഭാഗത്തു കാടുപിടിച്ച പുരയിടത്തിലാണു കാട്ടുപോത്തിനെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പരുത്തിപ്പള്ളിയിൽനിന്ന് ആർആർടി സംഘവും വനംവകുപ്പ് അധികൃതരും പോ ലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കുന്നതിനായി മുൻ ഒരുക്കത്തിന്റെ ഭാഗമായി പ്രധാന റോഡുകളിലേക്കുള്ള വാഹന ഗതാഗതം പോലീസ് തടഞ്ഞു.
എന്നാൽ പോത്ത് പുരയിടത്തിൽ തലങ്ങും വിലങ്ങും ഒാടുന്നതിനാൽ വനംവകുപ്പിനു മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഇതു പുലിപ്പാറ ഭാഗത്തേക്കു പാഞ്ഞു. വൈകുന്നേരത്തോടെ വേങ്കവിള ഭാഗത്തേക്കും പോയി. നഗരസഭ ചെയർമാൻ ആർ. ജയദേവൻ, വൈസ് ചെയർപഴ്സൻ ലക്ഷ്മി സുരാജ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്.എസ്. ബിജു, പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഒാഫീസർ ശ്രീജു എന്നിവരും സ്ഥലത്തെത്തി. വേങ്കവിളയിൽ പോത്തിനെ ആർആർടി സംഘം നിരീക്ഷിച്ചു വരികയാണ്.
ഇന്നും മയക്കുവെടി വയ്ക്കുന്നതിനുള്ള ശ്രമം തുടരും. ചൊവ്വാഴ്ച കുളക്കോട് മേഖലയിൽ രണ്ടു കാട്ടുപോത്തുകളെ കണ്ടിരുന്നു. ഇതിൽ ഒരു പോത്താണ് നെടുമങ്ങാട്ടെത്തിയത്.
കാട്ടുപോത്തിറങ്ങിയതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കാട്ടുപോത്തിനെ പ്രകോപിപ്പിക്കാനോ അടുത്ത് പോകാനോ ശ്രമിക്കരുത്. കുട്ടികളെയും വളർത്തുമൃഗങ്ങളെയും സുരക്ഷിതമായി സൂക്ഷിക്കാനും നിർദ്ദേശം ഉണ്ട്. പ്രദേശവാസികൾ നിർദേശം പാലിക്കണം.
Tags : Local News Nattuvishesham Thiruvananthapuram