കക്കയം ഡാം റോഡിലെ കക്കയം വാലി ഭാഗത്ത് കാട്ടുപോത്തിറങ്ങുന്ന പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുടെ നേതൃത്വത്തിൽ വനം, പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ സന്ദർശിക്കു
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപോത്ത് ഭീഷണിക്ക് അറുതി വരുത്താൻ വനം വകുപ്പ് ആരംഭിച്ചിരുന്ന സോളാർ ഫെൻസിംഗ് പദ്ധതിക്കു പകരം കാട്ടുപോത്തിറങ്ങുന്ന സ്ഥലങ്ങളിൽ മുള്ളുവേലി നിർമിക്കുന്നതിനുള്ള പ്രപ്പോസല് നൽകാൻ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം.
ഇതു സംബന്ധിച്ച് പഞ്ചായത്ത്, വനം വകുപ്പ്, പിഡബ്ല്യുഡി വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനം.കക്കയം ഡാം റോഡിലെ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തുകളിറങ്ങി പ്രദേശവാസികൾക്ക് ഭീഷണിയാവുകയും കാട്ടുപോത്ത് ആക്രമണത്തിൽ കർഷകൻ മരണപ്പെടുകയും ചെയ്തതിനെ തുടർന്നായിരുന്നു ഡാം റോഡിലെ രണ്ടു കിലോമീറ്റർ ദൂരത്തിൽ വനം വകുപ്പ് സോളാർ ഫെൻസിംഗ് സ്ഥാപിക്കാൻ ഒരു വർഷം മുൻപ് തീരുമാനിക്കുകയും പ്രവർത്തി ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ സ്ഥാപിച്ച ഫെൻസിംഗ് വാഹനങ്ങൾക്ക് യാത്രാ തടസമാകുമെന്നുള്ള പരാതിയെ തുടർന്ന് പ്രവർത്തി നിർത്തിവച്ചിരുന്നു.എന്നാൽ വീണ്ടും മേഖലയിൽ കാട്ടുപോത്ത് ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിൽ യോഗം ചേർന്നത്. പഞ്ചായത്തും വകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സിനി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഡാർളി എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ ചെറിയാൻ ജോസഫ് അറയ്ക്കൽ, aസണ്ണി ജോസഫ് കാനാട്ട്, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എ. സി. സുധീന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ബഷീർ പിഡബ്ല്യുഡി ഓവർസിയർ വി.എം. വിജില, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ.പി. മനിൽ കുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ അമ്മദ്, മുൻ പഞ്ചായത്തംഗം ആൻഡ്രൂസ് കട്ടിക്കാന, പ്രദേശവാസികളായ ജോൺ വേമ്പുവിള, ജോർജ് തോമസ് കോഴിക്കക്കുന്നേൽ, ജിബി പുത്തൻപുര എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kozhikode