സുല്‍ത്താന്‍ ബത്തേരി: ചീരാല്‍ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതോടെ പ്രദേശവാസികള്‍ ആശങ്കയില്‍. ചീരാല്‍ കല്ലിങ്കരം അക്കംവയല് പ്രദേശത്താണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചത്. തുടര്‍ച്ചയായി വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന മേഖലയായതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.
പാലെടുക്കാനായി സമീപത്തെ വീട്ടിലേക്ക് എത്തിയ കട്ടാശേരി കുര്യാച്ചനാണ് ആദ്യം കടുവയെ കണ്ടത്.
കാട്ടിലേക്ക് നീങ്ങുന്ന കടുവയെ കണ്ട അദ്ദേഹം ബഹളംവച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസിയും ക്ഷീരകര്‍ഷകനുമായ ചള്ളാട്ട് വല്സന് സ്ഥലത്തെത്തിയെങ്കിലും കടുവ കുറ്റിക്കാട്ടിലേക്ക് മറഞ്ഞിരുന്നു.
വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ നിരീക്ഷണം ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചീരാല്‍, നമ്പ്യാര്‍കുന്ന്, കൊഴുവണ, കല്ലിങ്കരം തുടങ്ങിയ പ്രദേശങ്ങളില്‍ കടുവയുടെയും പുലിയുടെയും സാന്നിധ്യം സ്ഥിരമാകുകയാണ്. നിരവധി വളര്‍ത്തുമൃഗങ്ങള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതുമൂലം സന്ധ്യാസമയത്തിനുശേഷം പുറത്തിറങ്ങാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യമാണ്.
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്ത് പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കണമെന്നും കാമറ ട്രാപ്പുകള്‍ സ്ഥാപിച്ച് കടുവയുടെ സഞ്ചാരപാത കണ്ടെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ കൂടുവച്ച് കടുവയെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Tags : Local News Nattuvishesham Wayanad