വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ. കഴിഞ്ഞ അഞ്ചുവർഷം നമ്മുടെ തദ്ദേശസ്ഥാപനങ്ങളിൽ നടന്നതെന്ത്്? ഭരണപക്ഷവും പ്രതിപക്ഷവും എന്തുപറയുന്നു? പഞ്ചായത്തിന്റെ ചിത്രം
എങ്ങനെ?
അയ്യൻകുന്ന്
ഗ്രാമപഞ്ചായത്ത്:
1977 ൽ ആറളം പഞ്ചായത്തിൽ നിന്നും വിഭജിച്ച് അയ്യൻകുന്ന് പഞ്ചായത്ത് രൂപീകൃതം ആയതുമുതൽ യുഡിഎഫിന്റെ ഉറച്ച കോട്ട എന്നറിയപ്പെടുന്ന പഞ്ചായത്തുകളിൽ ഒന്നാണ് അയ്യൻകുന്ന്.
രാഷ്ട്രീയ ചരടുവലികളുടെ ഭാഗമായി കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടെ രണ്ട് വർഷത്തോളം കേരളാകോൺഗ്രസ് മാണി വിഭാഗം പഞ്ചായത്തിന്റെ ഭരണം നടത്തിയത് ഒഴിച്ചാൽ അയ്യൻകുന്ന് ഒരിക്കലും യുഡിഎഫിൽ നിന്നും മാറിചിന്തിച്ചിട്ടില്ല.
നേട്ടങ്ങൾ
കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (പ്രസിഡന്റ്)
വനമേഖലയോട് അതിരിടുന്ന പഞ്ചായത്ത് എന്ന നിലയിൽ വന്യമൃഗശല്യം കാരണം പ്രദേശവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് അവർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ ഭരണ സമിതിക്കായി.
അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദന്തൽ ഒ.പി ആരംഭിക്കാൻ കഴിഞ്ഞു. അങ്ങാടിക്കടവിൽ ആശുപത്രിക്ക് 55 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചു. കച്ചേരിക്കടവിൽ പുതിയ സബ് സെന്റർ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. വാണിയപ്പാറയിലും പുതിയ സബ് സെന്റർ കെട്ടിടത്തിന്റെ പ്രവൃത്തിക്ക് തുടക്കംകുറിച്ചു.
എടൂർ -അങ്ങാടിക്കടവ് -കച്ചേരിക്കടവ് റീബിൽഡ് കേരളാ റോഡ് നിർമാണത്തിലെ പ്രശ്നങ്ങൽ പരിഹരക്കുന്നതിന് ഇടപെടൽ നടത്തി.
ആനപ്പന്തി ഗവ. എൽപി സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണ പദ്ധതിയും ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറും നൽകി.
ശുചിത്വത്തിന്റെ ഭാഗമായി ആറ് വിദ്യാലയങ്ങളിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തി.
കോട്ടങ്ങൾ
ബിജോയി പ്ലാത്തോട്ടം
(എൽഡിഎഫ് സ്വതന്ത്ര അംഗം)
സർക്കാരിൽ നിന്നും ലഭിക്കേണ്ട പദ്ധതി വിഹിതം കൃത്യമായി ഉപയോഗിക്കാൻ ഭരണസമിതി പരാജയപ്പെട്ടു. പദ്ധതി നടപ്പാകുന്നതിൽ വന്ന അപാകതകൾ കാരണം ലഭിക്കേണ്ട എട്ടുകോടിയോളം രൂപ നഷ്ടപ്പെടുത്തി.
പഞ്ചായത്തിൽ ആധുനിക രീതിയിൽ ഒരു ശൗചാലയം പോലും നിർമിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല.
ഈ വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലും 95 ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗ കുറവും ഹരിത കർമസേന ഡ്രൈവർ നിയമനത്തിലെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്.
Tags : Ayyankunnu nattuvishesham local news