എൻ. ഷംസുദീൻ
മണ്ണാർക്കാട്: കഴിഞ്ഞ കാലത്തേക്കാൾ കൂടുതൽ ജനകീയമായി മണ്ണാർക്കാട് മണ്ഡലത്തിൽ പ്രവർത്തിക്കാനുള്ള ഊർജമാണ് ജനങ്ങൾ നൽകിയ 25903 വോട്ടിന്റെ ഭൂരിപക്ഷമെന്നു മണ്ണാർക്കാട് മണ്ഡലം നിയുക്ത എംഎൽഎ എൻ. ഷംസുദീൻ.
തന്റേതല്ലാത്ത കാരണങ്ങളാൽ വൈകിയ വികസന പദ്ധതികൾക്കുപോലും പ്രചാരണ സമയത്ത് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്.
മാനസികമായി തളർത്താനും പലരും ശ്രമിച്ചു. ഇതിനെല്ലാമുള്ള മറുപടിയാണ് ജനങ്ങൾ നൽകിയത്. മണ്ഡലത്തിൽ കഴിഞ്ഞ 15 വർഷം നിരവധി വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
എന്നാൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ ഇനിയും എടത്തനാട്ടുകര മുതൽ ആനക്കട്ടിവരെ നീണ്ടു കിടക്കുന്ന മണ്ഡലത്തിൽ ചെയ്യാനുണ്ട്.
മലയോര ഹൈവേ, കണ്ണങ്കുണ്ട് പാലം, മണ്ണാർക്കാട്- ആനക്കട്ടി അന്തർ സംസ്ഥാനപാതയുടെ നവീകരണം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് പൂർത്തീകരിക്കാനുള്ളത്.
ആദ്യത്തെ അഞ്ചുവർഷം മാത്രമാണ് യുഡിഎഫ് ഭരണമുണ്ടായിട്ടുള്ളത്. തുടർന്ന് പത്തുവർഷം എൽഡിഎഫ് ഭരണമായിരുന്നു.
വീണ്ടും യുഡിഎഫ് ഭരണം ലഭിച്ചത് മണ്ണാർക്കാട് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു വേഗത കൂട്ടുമെന്നും എൻ. ഷംസുദീൻ പറഞ്ഞു.
മണ്ണാർക്കാട്ടുകാരുടെ പ്രതീക്ഷക്കൊത്ത് മണ്ഡലത്തിൽ പ്രവർത്തിക്കുമെന്നും ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
Tags : N. Shamsudeen nattuvishesham local newsm.