പാലക്കാട്: വനിതാ ബില്ലിന്റെ പേരിൽ പാലക്കാട് നഗരസഭ കൗണ്‍സിൽ യോഗത്തിൽ ബഹളം. അരസഭ വൈസ് ചെയർമാൻ ടി ബേബി അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ ചൊല്ലിയാണ് കൗണ്‍സിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്.
കേന്ദ്രസർക്കാർ അവതരിപ്പിച്ച വനിതാ ബില്ലിന് പിന്തുണയ്ക്കണമെന്നും അത് വേഗത്തിൽ നടപ്പാക്കണം എന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് അവതരിപ്പിച്ചത്. തള്ളിപ്പോയ ബില്ല് കൗണ്‍സിലിൽ വരരുത് എന്ന് പ്രതിപക്ഷം വാദിച്ചു. പ്രമേയം അവതരിപ്പിക്കേണ്ട കാര്യം തന്നെ ഇല്ല എന്നായിരുന്നു പ്രതിപക്ഷ നിലപാട്. പ്രമേയം തള്ളിക്കളയണമെന്നും അല്ലെങ്കിൽ വോട്ടിടണമെന്ന് പ്രതിപക്ഷ ആവശ്യപ്പെട്ടു. അത് പരിഗണിക്കാതെ വന്നതോടെ മുദ്രാവാക്യം വിളിയായി.
പ്രമേയം പാസായെന്നും പ്രതിപക്ഷത്തിന് വിയോജിപ്പുണ്ടെങ്കിൽ എഴുതി നൽകണമെന്നും ചെയർമാൻ പി. സ്മിതേഷ് അറിയിച്ചു. ഇതിനിടെ പ്രമേയത്തെ എതിർത്ത പ്രതിപക്ഷ നിലപാടിനെതിരെ ഭരണപക്ഷ അംഗങ്ങളും രംഗത്തിറങ്ങി. പീഡനക്കേസിൽ ഒളിവിൽ പോയിട്ടുള്ള പ്രതിപക്ഷ കൗണ്‍സിലറുടെ വിഷയം ഭരണപക്ഷ അംഗങ്ങൾ ഉയർത്തിയതോടെ ബഹളമായി. പ്രമേയം തള്ളിക്കളയണം എന്ന ആവശ്യം നിരാകരിക്കപ്പെട്ട സാഹചര്യത്തിൽ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ സഭ ബഹിഷ്കരിച്ചു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭ വിട്ടതോടെ മോദിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ഭരണപക്ഷവും മുദ്രാവാക്യം മുഴക്കി.
Tags : nattu vishesham Palakkad Municipal Council meeting