പ്രതീകാത്മക ചിത്രം
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾക്കായി പ്രായോഗിക എഐ പ്ലേഗ്രൗണ്ട് എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ പഠനത്തിലും ഭാവിജീവിതത്തിലും വിജയിക്കാൻ സഹായിക്കുന്ന വിധത്തിൽ കൃത്രിമബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗങ്ങൾ എങ്ങനെയാകണമെന്ന വിഷയത്തിൽ അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ആൻ മേരി തോമസ് ക്ലാസുകൾ നയിച്ചു.
പഠനത്തിലും ഗവേഷണത്തിലും സർഗാത്മക പ്രവർത്തനങ്ങളിലും സഹായകമായ ചാറ്റ്ജിപിടി, ക്ലോഡ്, നോട്ട്ബുക്ക് എൽഎം, പെർപ്ലെക്സിറ്റി, ആന്റിഗ്രാവിറ്റി, ഇലവൻലാബ്സ്, ഗൂഗിൾ ലാബ്സ് തുടങ്ങിയ ആധുനിക എഐ ഉപകരണങ്ങളുടെ ഉപയോഗം പ്രായോഗികമായി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. ശില്പശാലയിൽ സ്കൂളിലെ 40 ഐസിടി ക്ലബ് അംഗങ്ങൾ പങ്കെടുത്തു. കൂടാതെ കംപ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
കൃത്രിമബുദ്ധിയുടെ ഉത്തരവാദിതത്വപരമായ ഉപയോഗം, പഠനരീതികളിൽ എഐയുടെ സാധ്യതകൾ, ഭാവിയിലെ തൊഴിൽ മേഖലയിലെ പ്രാധാന്യം എന്നിവയും ക്ലാസിൽ വിശദീകരിച്ചു. പരിപാടിയുടെ ഏകോപനത്തിന് അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ അവസാന വർഷ ഇന്റഗ്രേറ്റഡ് എംസിഎ വിദ്യാർഥിനികളായ നീവ സുനീഷ് മാത്യു, എലിസബത്ത് മേരി ഏബ്രഹാം എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളിൽ കൃത്രിമബുദ്ധി സാങ്കേതികവിദ്യയോടുള്ള താൽപര്യവും ഡിജിറ്റൽ നൈപുണ്യവും വർധിപ്പിക്കുന്നതിൽ ശില്പശാല ശ്രദ്ധേയമായ പങ്കുവഹിച്ചതായി സംഘാടകർ അറിയിച്ചു.