മംഗലംഡാം: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ദിവസവുമുള്ള യോഗമുറകളിലൂടെ ആരോഗ്യമുള്ള ശരീരത്തിനൊപ്പം ആരോഗ്യമുള്ള മനസും രൂപപ്പെടുത്തുന്നതു നിരവധിയാളുകൾ.
യോഗയിൽ ഉയർന്ന യോഗ്യതയുള്ള 60 വയസുപിന്നിട്ട മംഗലംഡാമിലെ കെ. പ്രഭാകരനാണ് മുഖ്യപരിശീലകൻ. അതിരാവിലെ അഞ്ചുമുതൽ ആറുവരെയാണ് പ്രധാന പരിശീലനം.
ഒറ്റക്കാലിലെ യോഗ, കൈകൾ മാത്രം നിലത്തുറപ്പിച്ച് കാലുകൾ മടക്കിവച്ച് ശരീരം മുഴുവൻ പൊങ്ങി നിൽക്കുന്ന യോഗ ഉൾപ്പെടെ മെയ്വഴക്കത്തിന്റെ വിസ്മയങ്ങളുമുണ്ട്. കുടവയറുള്ളവർ കുറച്ചുവിയർക്കുന്ന യോഗാമുറകളാണിതെല്ലാം.
പ്രായലിംഗഭേദമന്യേ ചെറിയ കുട്ടികൾ മുതൽ വലിയവർ വരെയുണ്ട് ഇപ്പോൾ യോഗാഭ്യാസന കളരിയിൽ. 2015ൽ അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിക്കുംമുമ്പേ പ്രഭാകരന്റെ നേതൃത്വത്തിൽ മംഗലംഡാമിൽ യോഗാപരിശീലനങ്ങൾ ആരംഭിച്ചിരുന്നു.
തിരക്കേറിയ ജീവിതത്തിൽ മാനസിക സമ്മർദവും ജീവിതശൈലി രോഗങ്ങളും വർധിച്ചുവരുമ്പോൾ ആർക്കും ചെയ്യാവുന്ന ലളിതമായ യോഗമുറകൾ ഏറെ ഗുണകരമാണെന്നാണ് പരിശീലനത്തിനെത്തുന്നവരും പറയുന്നത്.
വഴികളിലെല്ലാം നായ്ക്കളും പന്നികളുടെ പാച്ചിലുമായപ്പോൾ സുരക്ഷിത വ്യായാമം എന്ന നിലയിൽ യോഗ ചെയ്യുന്നവരും കുറവല്ല. യോഗാ പരിശീലനവും തുറന്നസ്ഥലങ്ങളിൽ ചെയ്യാൻകഴിയാത്ത സ്ഥിതിയാണുള്ളതെന്നു പ്രഭാകരൻ പറയുന്നു.
ഇതിനാലാണ് പരിശീലനം കെട്ടിടങ്ങൾക്ക് മുകളിലാക്കുന്നത്. മുമ്പൊക്കെ പ്രദേശത്തെ പല റോഡുകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രഭാത നടത്തക്കാരുടെ കൂട്ടങ്ങളുണ്ടായിരുന്നു.
ഇപ്പോൾ പന്നികളെപേടിച്ച് അതില്ലാതായി. കോവിഡിനു ശേഷം ഉറക്കക്കുറവ്, ഓർമക്കുറവ്, കിതപ്പ്, കഫക്കെട്ട് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ പലരിലും കാണപ്പെടുന്നുണ്ട്. ഇതിൽ നിന്നെല്ലാം മുക്തിനേടാൻ യോഗ ഏറെ ഗുണകരമാണെന്നു പരിശീലനം സ്ഥിരമാക്കിയവർ പറയുന്നു.
മനസിനെ നിയന്ത്രിക്കാനായാൽ രോഗങ്ങളും നിയന്ത്രിക്കാം എന്ന അടിസ്ഥാന തത്വമാണ് യോഗയിലൂടെ ലഭിക്കുന്നത്. വയർ ശൂന്യമായ അതിരാവിലെ യോഗ ചെയ്യുന്നതാണ് ഏറ്റവും ഉത്തമമെന്നു പരിശീലകർ പറയുന്നു.
Tags : Yoga