തൃശൂർ: പരിശുദ്ധ തോമശ്ലീഹയുടെ സാന്നിധ്യംകൊണ്ട് പരിശുദ്ധമാക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും പുരാതന രൂപതകളിലൊന്നാണ് തൃശൂർ അതിരൂപതയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സാമൂഹികപ്രതിബദ്ധത സഭയുടെ ഉത്തവാദിത്വമാണ്. തടസങ്ങളെ ഊർജമാക്കി കുതിക്കാൻ കഴിയണം. വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ തൃശൂർ അതിരൂപതദിനാഘോഷത്തിനു ദീപം തെളിയിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ആദ്യ ബിഷപ് അഡോൾഫ് മെഡ്ലിക്കോട്ട് ചരിത്രകാരനായിരുന്നു. അദ്ദേഹം ബാക്കിവച്ചതു വലിയൊരു പുസ്തകശേഖരമാണ്. മാർ ജോണ് മേനാച്ചേരിയും മാർ ജോർജ് ആലപ്പാട്ടും തുടർന്നു പാവങ്ങളുടെ ബിഷപ് മാർ ജോസഫ് കുണ്ടുകുളവും രൂപതയെ നയിച്ചു. കുണ്ടുകുളം പിതാവാണ് മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആദ്യമായി പെരിങ്ങണ്ടൂരിലെ പോപ്പ് പോൾ മേഴ്സി ഹോം സ്ഥാപിച്ചത്.
സർക്കാരിനു ലക്ഷംവീട് പദ്ധതി ഉപദേശിച്ചത് അദ്ദേഹമാണ്. പിന്നീടു ജൂബിലി മെഡിക്കൽ കോളജടക്കം ആരംഭിച്ച മാർ ജേക്കബ് തൂങ്കുഴിയും നയിച്ചു. ഇപ്പോഴത് മാർ ആൻഡ്രൂസ് താഴത്തിൽ എത്തിനിൽക്കുന്നു.
പിന്നാക്കംനിൽക്കുന്ന മേഖലയെ മുന്നിലെത്തിക്കാൻ തൃശൂർ രൂപത വഹിച്ച പങ്ക് വലുതാണ്. ഈ കൂട്ടായ്മ സഹോദരസ്നേഹം കൊണ്ട് സംഭവിക്കുന്നതാണ്. രൂപത ചെയ്ത ശുശ്രൂഷകൾ സ്വത്തു സന്പാദിക്കാൻ ആയിരുന്നില്ല. സർക്കാർ സാക്ഷരതയ്ക്കുവേണ്ടി ചെയ്തതിന്റെ എത്രതോ ഇരട്ടി സഭയുടെ സ്ഥാപനങ്ങൾവഴി നടപ്പാക്കി. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങളും ഉണ്ടാകണമെന്നു പറഞ്ഞതു ചാവറയച്ചനാണ്. പിന്നീടാണു സർക്കാർ അതു കൊണ്ടുവന്നത്.
ഞങ്ങളുടെ ലാഭം സ്വർഗത്തിലെ ലാഭമാണ്. തൃശൂർ നഗരത്തിലുണ്ടായിരുന്ന കുഷ്ഠരോഗികളെ മാറ്റിപ്പാർപ്പിക്കാൻ ചങ്കൂറ്റം കാണിച്ചതു സഭയാണ്. ഇന്നു കുഷ്ഠരോഗം കേരളത്തിൽ തുടച്ചുനീക്കി. പള്ളിക്കുള്ളിൽ തുടങ്ങി പള്ളിക്കകത്ത് അവസാനിക്കേണ്ടതല്ല ക്രൈസ്തവസമൂഹം. സ്വന്തം അൾത്താരയിൽ മുറിക്കപ്പെടുന്ന അപ്പം സ്വന്തം സഹോദരങ്ങൾക്കായി മുറിക്കപ്പെടുന്ന ജീവിതമായി പകർത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ലെയോ പതിനാലാമൻ മാർപാപ്പ തൃശൂർ അതിരൂപത വൈദികരായ ഫാ. തോമസ് കാക്കശേരി, ഫാ. ജോസ് വല്ലൂരാൻ എന്നിവർക്കു നൽകിയ പ്രത്യേക ബഹുമതികളും, ഡേവിസ് എടക്കളത്തൂർ, ഡോ. മേരി റെജീന, പ്രഫ.കെ.എം. ഫ്രാൻസിസ്, അഡ്വ. ബിജു കുണ്ടുകുളം എന്നിവർക്കു നൽകിയ ഷെവലിയർ പദവിയും, ബ്രദർ ജോസ് ചുങ്കത്ത്, സാന്റി എബ്രഹാം വടയാറ്റുകുഴി എന്നിവർക്ക് അതിരൂപതയുടെ അവാർഡുകളും മാർ റാഫേൽ തട്ടിൽ സമ്മാനിച്ചു.
ബിഷപ് മാർ ടോണി നീലങ്കാവിൽ, റിട്ട. പാർലമെന്റ് ജോയിന്റ് സെക്രട്ടറി ഷെവലിയർ സിറിൾ ജോണ്, ബിഷപ് മാർ ബോസ്കോ പുത്തൂർ, ദാമ ഡോ. മേരി റെജീന, ഫാ. വർഗീസ് തരകൻ എന്നിവർ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോൽദാനവും ജൂബിലി മിഷൻ ആശുപത്രിയിലേക്കു നൽകുന്ന ഡയാലിസിസ് മെഷീന്റെ സമർപ്പണവും മാർ ബോസ്കോ പുത്തൂർ നിർവഹിച്ചു.
തൃശൂർ ജില്ല ഭാരത ക്രൈസ്തവസഭയുടെ ഈറ്റില്ലം: മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: ഭാരത ക്രൈസ്തവസഭയുടെ ഈറ്റില്ലമാണു തൃശൂർ ജില്ലയെന്ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. 1887 മേയ് 20ന് ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ "ക്വാദ് യാം പ്രീദം' തിരുവെഴുത്തുവഴിയാണു തൃശൂർ വികാരിയാത്ത് സ്ഥാപിച്ചത്. എഡി 52ൽ കൊടുങ്ങല്ലൂരിൽനിന്ന് തോമാശ്ലീഹാ ആരംഭം കുറിച്ച് പാലയൂരിലെ പ്രസംഗങ്ങളിൽ തുടങ്ങി മൈലാപ്പൂരിൽ എഡി 72ൽ അവസാനിച്ച രണ്ടായിരം വർഷത്തെ പാരന്പര്യത്തിന്റെ ദിനംകൂടിയാണിത്. തൃശൂർ അതിരൂപതദിനാഘോഷത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ആർച്ച്ബിഷപ്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ രൂപതകളിലൊന്നായി മാറാൻ ഇന്നു തൃശൂരിനു കഴിഞ്ഞിട്ടുണ്ട്. ബിഷപ് അഡോൾഫ് മെഡ്ലിക്കോട്ട് മുതൽ തൂങ്കുഴിപ്പിതാവുവരെയുള്ളവരുടെ ശക്തമായ നേതൃത്വമാണ് തൃശൂർ അതിരൂപതയ്ക്കു ലഭിച്ചത്. തൂങ്കുഴിപ്പിതാവില്ലാത്ത ആദ്യത്തെ അതിരൂപതാദിനമാണെന്നും മാർ താഴത്ത് അനുസ്മരിച്ചു.