റെൻജു ജോസഫ്
തലയോലപ്പറമ്പ്: ഹോം അപ്ലയന്‍സസ് സ്ഥാപനത്തില്‍നിന്ന് 11.40 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം നടത്തിയശേഷം തുക തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ച യുവാവ് അറസ്റ്റില്‍. കുമാരനല്ലൂര്‍ പെരുമ്പായിക്കാട് മമ്മൂട് ചാരളുകുഴി റെന്‍ജു ജോസഫ് (27) ആണ് അറസ്റ്റിലായത്.
പഴയകടവില്‍ പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സസ് സ്ഥാപനത്തില്‍ ജീവനക്കാരനും പ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി 2024 ഡിസംബര്‍ ഏഴിന് രാവിലെ 9.30നും ഉച്ചയ്ക്ക് 12നും ഇടയില്‍ 11,40,000 രൂപ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചതായാണു പരാതി.
സംഭവം അറിഞ്ഞ സ്ഥാപന ഉടമ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ച സാധനങ്ങളുടെ വിലയായ 11.40 ലക്ഷം രൂപ നല്‍കാമെന്നു പ്രോമിസറി നോട്ടിലും വെള്ളപ്പേപ്പറിലും എഴുതി നല്കി. തുടര്‍ന്ന് ആറ് മാസത്തിനകം തുക തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2025 ജനുവരി 23നു പുതിയ കരാര്‍ ഉണ്ടാക്കുകയും, 11.40 ലക്ഷം രൂപയുടെ തുക രേഖപ്പെടുത്തിയ ഒന്നാം പ്രതി ഒപ്പിട്ട ചെക്കും മുദ്രപ്പത്രവും പരാതിക്കാരനു കൈമാറുകയും ചെയ്തു.
പിന്നീട് അക്കൗണ്ടില്‍ മതിയായ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങുകയായിരുന്നു. പരാതിക്കാരന് 11.40 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.