നെടുമങ്ങാട്: ഏലിയാവൂർ പാലത്തിനു സമീപമുള്ള ജനവാസ മേഖലയിൽ എക്സൈസ് സം ഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ ചാരായവേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏലിയാവൂർ പാലത്തിനടുത്തുള്ള ഗിരീഷ് ഭവൻ എന്ന വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാടകയ്ക്ക് താമസിക്കുന്ന ജിത്തു എന്നയാളെ എക്സൈസ് സംഘം പിടികൂടിയത്.
ഈ വീട്ടിൽ വൻതോതിൽ വ്യാജച്ചാരായം നിർമിച്ച് വിൽപന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ എസ്. മുഹമ്മദ് റാഫി യുെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഗിരീഷ് ഭവനിലേക്ക് എത്തിയത്. സംഘത്തെ കണ്ടതോടെ പ്രതി വാതിൽ ഉള്ളിൽനിന്നും പൂട്ടിയെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ വീട് പൂർണമായി വളഞ്ഞ ശേഷം പ്രതിയെ കീഴ് പെടുത്തുകയായിരുന്നു.
ഇതിനുശേഷം വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അടുക്കളയോട് ചേർന്നുള്ള മുറിയിൽനിന്നും പതിനാല് ലിറ്റർ വ്യാജച്ചാരായവും, വീപ്പകളിൽ സൂക്ഷിച്ചിരുന്ന 190 ലിറ്റർ കോടയും കണ്ടെടുത്തു. ഇവയ്ക്ക് പുറമെ ചാരായം വാറ്റുന്നതിനായി അടുപ്പത്തുവച്ചിരുന്ന മുപ്പതു ലിറ്റർ തിളച്ച കോട, പാചക വാതക സ്റ്റൗ, വലിയ അലുമിനിയം പാത്രങ്ങൾ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും എക് സൈസ് സംഘം പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിജുലാൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അജയകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എസ്. ലിജി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിശാന്ത്, അഖിൽ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Tags : Local News Nattuvishesham Thiruvananthapuram