ഇംഹാൻസിൽ സംഘടിപ്പിച്ച മാനസികാരോഗ്യ ശിൽപശാലയിൽ നിന്ന്.
കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് യുവജനങ്ങളുടെ മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി ജില്ലാതല ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
ജില്ലാ ഭരണകൂടം, കോഴിക്കോട് ഇംഹാൻസ്, കാലിക്കട്ട് സർവകലാശാല നാഷണൽ സർവീസ് സ്കീം, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അഥോറിറ്റി, ടെലിമാനസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇംഹാൻസിൽ നടന്ന ശിൽപശാലയിൽ എൻഎസ്എസ് വളണ്ടിയർമാർ, ഡിസിഐപി ഇന്റേൺസ്, ഇംഹാൻസ് ഇന്റേൺസ് എന്നിവർ പങ്കെടുത്തു.
കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. റീഷ കാരള്ളി ശിൽപശാല ഉദ്ഘാടനം ചെയ്തു. ഇംഹാൻസ് ഡയറക്ടർ ഡോ. ടി.എം. ഷിബുകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ എൻഎസ്എസ് കോർഡിനേറ്റർ ഫസീൽ അഹമ്മദ്, ഇംഹാൻസിലെ അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. സുജ മാത്യു, ഡോ. ആന്റോൺ പോൾസൺ, ജസ്റ്റിൻ പി. കുര്യൻ, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അഥോറിറ്റി അംഗം ഡോ. ജി. രാഗേഷ്, ടെലിമാനസ് അസിസ്റ്റന്റ് പ്രഫ. ഡോ. ഷീബ നിനാൻ എന്നിവർ പ്രസംഗിച്ചു. യുവജന മാനസികാരോഗ്യം എന്ന വിഷയത്തിൽ ഇംഹാൻസിലെ സൈക്യാട്രിക് നഴ്സിംഗ് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. റീന ജോർജ് ക്ലാസെടുത്തു. യുവജന മാനസികാരോഗ്യ മേഖലയിലെ നേതൃത്വത്തെ കുറിച്ചും പ്രവർത്തനപദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ചർച്ചകളും നടന്നു.
Tags : workshop NattuVishasham DistrictNews