x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14
AUG
2026

ഫെ​ഡ​റ​ലി​സ​ത്തെ തു​ര​ക്കു​ന്ന ധാ​തു​ഖ​ന​ന ഭേ​ദ​ഗ​തി

Editorial Audio


Published: August 14, 2026 12:00 AM IST | Updated: August 13, 2026 09:42 PM IST

സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഖ​ന​ന നി​യ​ന്ത്ര​ണാ​ധി​കാ​രം എ​ടു​ത്തു​മാ​റ്റാ​ൻ വ്യ​വ​സ്ഥ​ക​ളു​ള്ള ധാ​തു​ഖ​ന​ന ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഴ​ക്ക​ട​ൽ, തീ​ര​ഖ​ന​ന​സാ​ധ്യ​ത​ക​ൾ സ്വ​കാ​ര്യ കു​ത്ത​ക​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന ആ​ശ​ങ്ക കേ​ര​ള​ത്തി​നു​ണ്ട്. ഇ​ത്ത​രം നി​യ​മ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പി​ന് അ​നി​വാ​ര്യ​മാ​ണ്.

ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ സം​വി​ധാ​നം രാ​ഷ്‌​ട്രീ​യ​വും സാ​മ്പ​ത്തി​ക​വും പ്രാ​ദേ​ശി​ക​വു​മാ​യ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ഓ​രോ കാ​ല​ത്തും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ചി​ല ന​ട​പ​ടി​ക​ൾ ഫെ​ഡ​റ​ലി​സ​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണ് എ​ന്ന പ്ര​തി​ഷേ​ധം ഉ​യ​രാ​റു​മു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​വി​ഹി​തം കു​റ​യു​ന്ന നി​കു​തി​ഘ​ട​ന​യും അ​തു​വ​ഴി സാ​മ്പ​ത്തി​ക​മാ​യി കേ​ന്ദ്ര​ത്തെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​തി​കേ​ടും സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​തു മു​ത​ൽ തു​ട​രു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ്. 

ഇ​തി​നു പു​റ​മെ​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ഗ​വ​ർ​ണ​ർ​മാ​രും ഇ​ട​പെ​ട്ടു​ണ്ടാ​ക്കു​ന്ന പൊ​ല്ലാ​പ്പു​ക​ൾ. മാ​ത്ര​മ​ല്ല, ചി​ല പ്ര​ത്യേ​ക ഭാ​ഷാ-​സം​സ്കാ​ര വി​ഭാ​ഗ​ങ്ങ​ളു​ടെ​മേ​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​രേ ന​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​ലു​ള്ള പ്രാ​ദേ​ശി​ക​മാ​യ ആ​ശ​ങ്ക​ക​ളും സം​സ്ഥാ​നാ​ന്ത​ര ത​ർ​ക്ക​ങ്ങ​ളും ഫെ​ഡ​റ​ലി​സ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​യ്ക്കാ​റു​ണ്ട്. 

സം​സ്ഥാ​ന​ത്തി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന അ​ധി​കാ​ര​ങ്ങ​ളി​ൽ പ​ല​തും ക​വ​ർ​ന്നെ​ടു​ക്കാ​ൻ സ​മ​ഗ്രാ​ധി​പ​ത്യ സ്വ​ഭാ​വ​മു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മ്പോ​ൾ ഭ​ര​ണ​ഘ​ട​നാ​ശി​ൽ​പി​ക​ൾ സ​ങ്ക​ൽ​പി​ച്ച ഫെ​ഡ​റ​ൽ സ്വ​ഭാ​വ​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ള​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ പാ​സാ​ക്കി​യ ധാ​തു​ഖ​ന​ന ഭേ​ദ​ഗ​തി ബി​ൽ ആ​ണ് ഈ ​പ​ര​മ്പ​ര​യി​ൽ ഒ​ടു​വി​ല​ത്തേ​ത്.

ഖ​ന​നം സ്വ​കാ​ര്യ​ക​മ്പ​നി​ക​ൾ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കും​വി​ധം ഇ​ള​വു​ക​ളും അ​ധി​കാ​ര​ങ്ങ​ളും ന​ൽ​കു​ന്ന​താ​ണ് ഖ​നി​ക​ളും ധാ​തു​ക്ക​ളും (വി​ക​സ​ന​വും നി​യ​ന്ത്ര​ണ​വും) ഭേ​ദ​ഗ​തി ബി​ൽ 2026 എ​ന്ന ആ​ക്ഷേ​പം ഇ​തി​ന​കം ചൂ​ടു​പി​ടി​ച്ച ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഖ​ന​ന​നി​യ​ന്ത്ര​ണാ​ധി​കാ​രം എ​ടു​ത്തു​മാ​റ്റാ​നു​ള്ള വ്യ​വ​സ്ഥ​ക​ളെ​ച്ചൊ​ല്ലി​യാ​ണ് ഏ​റെ വി​മ​ർ​ശ​നം.

സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഴ​ക്ക​ട​ൽ, തീ​ര​ഖ​ന​ന സാ​ധ്യ​ത​ക​ൾ സ്വ​കാ​ര്യ കു​ത്ത​ക​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് കേ​ര​ളം പ്ര​ത്യേ​ക​മാ​യി എ​ടു​ത്തു​കാ​ട്ടു​ന്ന​ത്. ധാ​തു​ഖ​നി​യു​ള്ള ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം നി​ല​വി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ്. ലീ​സും നി​കു​തി​യു​മെ​ല്ലാം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കാം. ഭേ​ദ​ഗ​തി നി​യ​മ​മാ​കു​ന്ന​തോ​ടെ ധാ​തു​ഖ​ന​ന ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​നാ​കും. 

ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ലൂ​ടെ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കും വി​ദേ​ശ​ക​മ്പ​നി​ക​ൾ​ക്കും എ​ളു​പ്പ​ത്തി​ൽ ഖ​ന​നാ​നു​മ​തി നേ​ടി​യെ​ടു​ക്കാ​നാ​കും. ക​രി​മ​ണ​ല​ട​ക്കം വ​ലി​യ​തോ​തി​ൽ ധാ​തു​സ​മ്പ​ത്തു​ള്ള കേ​ര​ള​ത്തി​ന് നി​യ​മം തി​രി​ച്ച​ടി​യാ​കും. അ​നി​യ​ന്ത്രി​ത​മാ​യ ഖ​ന​നാ​നു​മ​തി​യും ദോ​ഷം ചെ​യ്യും. വ​ന​ഭൂ​മി​യി​ലും തീ​ര​ദേ​ശ​ത്തും ഖ​ന​നം ന​ട​ത്താ​മെ​ന്നു വ​രു​ന്ന​തോ​ടെ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും ഉ​ട​ലെ​ടു​ക്കും. ഒ​രു ധാ​തു​വി​ന്‍റെ ഖ​ന​ന​ത്തി​നാ​യി ന​ൽ​കി​യ ഭൂ​മി​യി​ൽ മ​റ്റു ധാ​തു​ക്ക​ൾ ക​ണ്ടെ​ത്തി​യാ​ൽ പു​തി​യ ലൈ​സ​ൻ​സി​ല്ലാ​തെ ഖ​ന​നം ന​ട​ത്താ​മെ​ന്ന് ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. 

ലി​ഥി​യം, ഗ്രാ​ഫൈ​റ്റ്, കൊ​ബാ​ൾ​ട്ട്, നി​ക്ക​ൽ തു​ട​ങ്ങി​യ സു​പ്ര​ധാ​ന ധാ​തു​ക്ക​ളാ​ണെ​ങ്കി​ൽ അ​ധി​ക​തു​ക​യും വേ​ണ്ട. ഒ​രു ലൈ​സ​ൻ​സി​ന്‍റെ പേ​രി​ൽ എ​ത്ര​ത​രം ധാ​തു​ക്ക​ൾ വേ​ണ​മെ​ങ്കി​ലും ഖ​ന​നം ചെ​യ്യാ​മെ​ന്ന അ​പ​ക​ടം വേ​റെ. സ്വ​കാ​ര്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഖ​ന​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ അ​മ്പ​ത് ശ​ത​മാ​നം മാ​ത്ര​മേ വി​ൽ​കാ​ൻ പാ​ടു​ള്ളൂ എ​ന്ന നി​യ​ന്ത്ര​ണം ബി​ൽ എ​ടു​ത്തു​ക​ള​യു​ന്നു​ണ്ട്. ഖ​ന​നം കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​ക്കാ​നും മേ​ഖ​ല​യി​ൽ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​മാ​ണ് ബി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വാ​ദം. 

എ​ന്നാ​ൽ ധാ​തു​ക്ക​ളു​ടെ ക​ല​വ​റ​യാ​യ ച​വ​റ പോ​ലു​ള്ള പ്ര​ദേ​ശ​ത്തെ ഭൂ​മി​യി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ അ​ധി​കാ​ര​മു​റ​പ്പി​ക്കാ​നും ക​രി​മ​ണ​ൽ ഖ​ന​നം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കു മ​റി​ച്ചു​കൊ​ടു​ക്കാ​നു​മു​ള്ള കു​റു​ക്കു​വ​ഴി​യാ​ണ് ബി​ല്ലെ​ന്ന് എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബി​ല്ലി​ലെ കെ​ണി​ക​ൾ തി​രി​ച്ച​റി​ഞ്ഞ കേ​ര​ളം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്. ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട മ​റ്റൊ​രു നി​ർ​ണാ​യ​ക സ​ന്ദ​ർ​ഭ​മാ​ണി​ത്. 

ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള വി​ഷ​യ​മാ​യ​തി​നാ​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ഫെ​ഡ​റ​ല്‍ സ്വ​ഭാ​വം ത​ക​ര്‍​ക്കു​ന്ന ബി​ല്ലി​നെ​തി​രേ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ഷേ​ധം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​ന്‍ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ബി​ല്‍ പാ​സാ​യാ​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.  2014ൽ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ ഘ​ട​ന​യെ കൂ​ടു​ത​ൽ കൂ​ടു​ത​ൽ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണു ക​ണ്ട​ത്. 

മു​ൻ​കാ​ല ഭ​ര​ണ​കൂ​ട​ങ്ങ​ളും അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ക്കാ​ൻ‌ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബി​ജെ​പി സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ അ​ജ​ണ്ട​യി​ലൂ​ടെ​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്ര​ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന ഘ​ട​കം മാ​ത്ര​മാ​യി ചു​രു​ക്കു​ന്ന അ​വ​സ്ഥ. സം​സ്ഥാ​ന​ങ്ങ​ൾ യൂ​ണി​യ​ന്‍റെ വെ​റും വി​പു​ലീ​ക​ര​ണ​മ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി നി​ർ​വ​ചി​ക്ക​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ അ​വ​യ്ക്ക് മേ​ധാ​വി​ത്വം ഉ​ണ്ടെ​ന്നും അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു എ​സ്.​ആ​ർ. ബൊ​മ്മെ കേ​സി​ൽ 1994ലു​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി.

ഫെ​ഡ​റ​ലി​സ​വും ജ​നാ​ധി​പ​ത്യ​വും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഒ​ന്നി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​ത് മ​റ്റൊ​ന്നി​ന് ഭീ​ഷ​ണി​യാ​കു​മെ​ന്നും കോ​ട​തി ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞി​രു​ന്നു. അ​തി​നാ​ൽ  ഇ​ത്ത​രം നി​യ​മ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പി​ന് അ​നി​വാ​ര്യ​മാ​ണ്.    

Tags : EDITORIAL DEEPIKA DEEPIKA EDITORIAL

Recent News

Corehub Up