Editorial Audio
ബേക്കറികൾ വഴി 15 ശതമാനം വരെ ആൽക്കഹോളുള്ള വൈൻ വിൽക്കാൻ തുടങ്ങിയത് സർക്കാർ അറിഞ്ഞില്ലെങ്കിൽ പ്രഥമദൃഷ്ട്യാ മദ്യക്കള്ളക്കടത്ത് എന്നേ പറയാനുള്ളൂ. ഇടതുസർക്കാരിന്റെ ‘മദ്യകേരള’ നയങ്ങൾ സർക്കാർ മാറിയതു വകവയ്ക്കാതെ ഉദ്യോഗസ്ഥർ നടപ്പാക്കുകയാണെങ്കിൽ ഇനിയും പലതും സംഭവിക്കും. ബേക്കറി വഴി വൈൻ വിൽക്കാൻ തുടങ്ങിയത് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നാണ് എക്സൈസ് മന്ത്രി പറഞ്ഞത്. ഇത്രയൊക്കെ വിലയേ ഇപ്പോൾ മന്ത്രിമാർക്കുള്ളോ? തീരുമാനം റദ്ദാക്കാൻ നിർദേശം നൽകിയ മുഖ്യമന്ത്രി, എക്സൈസ് വകുപ്പിൽ മാത്രമേ മന്ത്രിക്കു മുകളിൽ ഉദ്യോഗസ്ഥർ ഭരിക്കുന്നുള്ളോ എന്നുകൂടി പരിശോധിക്കണം. അല്ലെങ്കിൽ ഇനിയും നാണംകെടേണ്ടിവരും.
മദ്യക്കടകളിലും ബാറുകളിലും വിൽക്കുന്ന ബിയറിൽപോലും പരമാവധി എട്ടു ശതമാനം ആൽക്കഹോൾ മാത്രമാണ് എന്നിരിക്കെയാണ് കുട്ടികൾ ഏറ്റവും കൂടുതൽ എത്തുന്ന ബേക്കറികളിൽ 15 ശതമാനം ആൽക്കഹോളുള്ള വൈൻ വിൽക്കുന്നത്. 2026 ജൂണ് 24ന് എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവ റാവു ആണ് വീര്യമുള്ള ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയത്. 2024 ജനുവരി 24ന് ഇടതു സർക്കാർ അബ്കാരി നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, 100 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള ബേക്കറികൾ എന്നിവിടങ്ങളിൽ ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകാമായിരുന്നു.
പക്ഷേ, നൽകിയില്ല. കാരണം, തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായിരുന്നു. ആ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ 2025 നവംബറിൽ ചാലക്കുടിയിലെ ബേക്കറി അപേക്ഷിച്ച ലൈസൻസിനാണ് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചത്. കച്ചവടവും തുടങ്ങി. വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പാക്കാമെന്ന ദുഷ്ടലാക്കോടെ പശ്ചാത്തലമൊരുക്കിവച്ചിരുന്ന കാര്യം വെള്ളമൊഴിക്കാതെ വിഴുങ്ങിക്കൊണ്ടാണ്, ബേക്കറി വഴി വൈൻ വിൽക്കാൻ അനുമതി നൽകിയത് യുഡിഎഫ് അല്ലേയെന്ന് അന്നത്തെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഇന്നലെ ചോദിച്ചത്. രാഷ്ട്രീയത്തിൽ സത്യസന്ധത വേണ്ടെന്നായി.
കർഷകരെ രക്ഷിക്കാനാണെന്നു പറഞ്ഞാണ് ഇടതു സർക്കാർ പഴങ്ങളിൽനിന്നും മറ്റു കാർഷികവിഭവങ്ങളിൽനിന്നുമുള്ള വൈൻ ഉത്പാദിപ്പിക്കാൻ അനുമതി നൽകിയത്. 10 വർഷത്തെ ഭരണത്തിനിടെ ഒരു തവണപോലും കൊയ്ത നെല്ല് പാടത്തുനിന്നു സമയത്തു ശേഖരിച്ചിട്ടില്ല. ഒരിക്കൽപോലും നെല്ലിന്റെ വില സമയത്തു കൊടുത്തിട്ടില്ല. റബറിന്റെ താങ്ങുവില പ്രകടനപത്രികയിലല്ലാതെ വർധിപ്പിച്ചില്ല.
വന്യജീവിശല്യത്തിന് ഒരു പരിഹാരവുമുണ്ടാക്കിയില്ലെന്നു മാത്രമല്ല, വനംവകുപ്പ് ഉദ്യോഗസ്ഥർ കുടിയേറ്റ കർഷകരെ ഇത്രയേറെ ദ്രോഹിച്ച മറ്റൊരു കാലവുമില്ല. നാളികേരം, സുഗന്ധവ്യഞ്ജനം, പച്ചക്കറി... എല്ലായിടത്തും പരാതികളേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ കർഷകരക്ഷയ്ക്കു കണ്ടുപിടിച്ച ഒറ്റമൂലിയാണ് വൈൻ നിർമാണം. പക്ഷേ, അതിൽനിന്നു സർക്കാരിനു ലഭിക്കുന്ന നികുതി 86 ശതമാനമാണെന്നു തിരിച്ചറിയുന്പോഴാണ് യഥാർഥ വരുമാനവും രക്ഷയും ആർക്കാണെന്നു വെളിവാകുന്നത്.
നിലവിൽ നാല് സ്ഥാപനങ്ങൾക്കാണ് വൈൻ നിർമിക്കാനുള്ള അനുമതി. 10,000 രൂപ നൽകി ലൈസൻസെടുത്താൽ 20 ശതമാനം കമ്മീഷനോടെ കടകളിൽ വിൽക്കാം. മദ്യശാലകളിലെന്നപോലെ ബേക്കറികളിലും മാടക്കടകളിലുമൊന്നും 23 വയസിനു താഴെയുള്ളവർക്കാണ് വൈൻ വിൽക്കുന്നതെന്ന് ഉറപ്പാക്കാനാവില്ല. തന്നെയല്ല, പത്തോ ഇരുപതോ കൊടുത്താൽ കുട്ടികൾക്കു വാങ്ങിക്കൊടുക്കാനാണോ ആളില്ലാത്തത്? മദ്യക്കടകളിലെ ക്യൂവിൽ തലമറച്ചുനിൽക്കാതെ ബിയറിനേക്കാൾ വീര്യമുള്ള വൈൻ വാങ്ങാമെന്നതും സൗകര്യമാണ്. ഇരുന്നു കഴിക്കാനായില്ലെങ്കിലെന്താ, മദ്യവും ടച്ചിംഗ്സും ഭക്ഷണവുമെല്ലാം ഒരേ മേൽക്കൂരയ്ക്കു താഴെ ലഭ്യമാകുമല്ലോ! അബ്കാരി ചരിത്രത്തിലെ ഏറ്റവും ഉദാരമായ മദ്യവിൽപനയായി ഇതു മാറുമെന്നതിൽ ആർക്കുമില്ല സംശയം.
ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ അതു നടപ്പാക്കാനാകൂ. ഒട്ടും വൈകരുതെന്ന് അഭ്യർഥിക്കുന്നു. ഒരിടത്ത് യുവാക്കളെ രക്ഷിക്കാൻ മയക്കുമരുന്നുവേട്ടയുടെ തൂഫാൻ. മറുവശത്ത് അവർക്കു നീന്തിത്തുടിക്കാൻ മദ്യപ്പുഴ... എങ്ങനെയും പണമുണ്ടാക്കണമെന്നാണെങ്കിൽ വേറെ എന്തൊക്കെ വഴികളുണ്ട്, അന്തസുള്ളത്!
Tags : DEEPIKA EDITORIAL