Editorial Audio
സിനിമാ പ്രവർത്തകരുടെ സൃഷ്ടിയായ സിനിമയുടെ പേര് മാറ്റാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) പ്രഖ്യാപിച്ചിരിക്കുന്നു. ടീസറിലോ പോസ്റ്ററിലോ സെൻസർ അപേക്ഷയിലോ രേഖപ്പെടുത്തുന്ന പേര് അന്തിമമായി കാണേണ്ടതില്ലെന്നും പുനഃപരിശോധനാ സമിതിക്ക് സിനിമയുടെ പേരുമാറ്റം നിർദേശിക്കാൻ അധികാരമുണ്ടെന്നുമാണ് പുതിയ നിയമം.
ഇക്കാര്യത്തിൽ വലിയ എതിർപ്പുയർന്നിട്ടുണ്ട്. തങ്ങൾക്ക് അഭിമതരെന്നു കരുതുന്ന 18 പേരെ ഉൾപ്പെടുത്തി സർക്കാർ സെൻസർ ബോർഡ് സെപ്റ്റംബറിൽ പുനഃസംഘടിപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് അസാധാരണ നീക്കം. ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിൽ ഒതുക്കിയതുപോലെ സിനിമയെയും വരുതിയിലാക്കാനുള്ള നീക്കമായി ഇതു വ്യാഖ്യാനിക്കപ്പെടും. ഉള്ളടക്കങ്ങളെ മാത്രമല്ല, ഒരു സിനിമയുടെ പേരിനെപ്പോലും ഭയപ്പെടുന്ന നിലയിലേക്ക് മാറുന്ന ഭരണകൂടം സ്വയം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്; അഭിപ്രായസ്വതന്ത്ര്യത്തിനു ഭീഷണിയല്ലെന്ന വ്യാജേന.
ഒക്ടോബർ 26നാണ് സെൻസർ ബോർഡ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് കിട്ടുംമുമ്പ് പേര് പരസ്യപ്പെടുത്തുകയോ അന്തിമമാക്കുകയോ ചെയ്യേണ്ട. ടീസറിലോ ട്രെയിലറിലോ പ്രഖ്യാപിച്ച റിലീസ് തീയതി സർട്ടിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള കാരണമായി പരിഗണിക്കില്ല. സ്വന്തമായി നിശ്ചയിച്ച പ്രദർശന തീയതിയുടെ പേരിൽ ബോർഡിൽനിന്ന് ഇളവ് പ്രതീക്ഷിക്കരുത്. അപൂർണമായ സിനിമകൾ സർട്ടിഫിക്കേഷനായി സമർപ്പിക്കരുത്.
ഗ്രാഫിക്സും പശ്ചാത്തല സംഗീതവും സൗണ്ട് മിക്സിംഗും അടക്കം പൂർത്തിയായിരിക്കണം. കോടികൾ ചെലവഴിച്ച് പ്രൊമോഷൻ പൂർത്തിയാക്കിയശേഷം പേര് മാറ്റാൻ പറഞ്ഞാൽ അത് സിനിമയുടെ നിലനിൽപിനെത്തന്നെ ബാധിക്കുമെന്നും, റിലീസ് തീയതി മാറ്റേണ്ടിവന്നാൽ ഉത്സവകാലത്ത് ഉൾപ്പടെ സാന്പത്തികനഷ്ടമാകുമെന്നതിനാൽ സിനിമാ വ്യവസായത്തെ തകർക്കുന്ന നിർദേശങ്ങളാണ് സെൻസർ ബോർഡിന്റേത് എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിമർശിച്ചിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഫിലിം ചേംബർ, സെൻസർ ബോർഡിന് കത്തയച്ചിട്ടുമുണ്ട്.
നേരത്തേ കേന്ദ്രമന്ത്രി സുരേഷ് ഗോപി വക്കീൽവേഷത്തിലെത്തിയ സിനിമയുടെ പേരു മാറ്റിയത് വിവാദമായിരുന്നു. "ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് "ജാനകി വി.' എന്നു മാറ്റേണ്ടിവന്നു. "ജാനകി' എന്നത് സീതാദേവിയുടെ മറ്റൊരു പേരാണെന്നും അതിക്രമത്തിന് ഇരയാകുന്ന കഥാപാത്രത്തിന് ഈ പേരു നൽകാനാവില്ലെന്നുമാണ് സെൻസർ ബോർഡ് പറഞ്ഞത്. ഇതിന് തൊടുപുഴയിലെ കൈവെട്ട് തീവ്രവാദികളുടെ ന്യായത്തോടു സാമ്യം തോന്നിയാൽ തികച്ചും യാദൃച്ഛികം. സിനിമാ സംഘടനകൾ അന്ന് അതിനെതിരേ സമരം നടത്തുകയും ചെയ്തിരുന്നു. ഒടുവിൽ, മുഖ്യ കഥാപാത്രത്തിന്റെ പേര് ജാനകി എന്നത് ജാനകി വി. എന്നാക്കിയാണ് പ്രശ്നം പരിഹരിച്ചത്.
ഇതു കൂടാതെ, കഴിഞ്ഞവർഷം മാത്രം നിരവധി സിനിമകൾ ബിജെപി സർക്കാരിന്റെ അപ്രീതിക്കു പാത്രമായി. മോഹൻലാൽ ചിത്രം "എമ്പുരാൻ', ഇന്ദ്രൻസിന്റെ "പ്രൈവറ്റ്', സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത് അനുപമ പരമേശ്വരൻ അഭിനയിച്ച "അവിഹിതം', ഷെയ്ൻ നിഗമിന്റെ "ഹാൽ' എന്നീ ചിത്രങ്ങൾക്ക് മലയാളത്തിൽ മാത്രം സെൻസർ ബോർഡ് കത്രിക വച്ചു. ബീഫ്, ഗുജറാത്ത് കലാപം, പുരാണ കഥാപാത്രങ്ങളുടെ പേര് തുടങ്ങിയവയാണ് സെൻസർബോർഡിനെ സംഘപരിവാറിനെയെന്നപോലെ കോപിപ്പിക്കുന്നത്. എന്നാൽ, കാഷ്മീർ ഫയൽസിലോ കേരള സ്റ്റോറിയിലോ വസ്തുതാ പരിശോധന അത്ര കാര്യക്ഷമമല്ലതാനും.
ഇതിന്റെയൊക്കെ തുടർച്ചയായി വേണം ഇപ്പോഴത്തെ നിബന്ധനകളെ കാണാൻ. മലയാളത്തിന്റെ പ്രിയസംവിധാനയകൻ പ്രിയദർശനും അംഗമായ ബോർഡിലെ അംഗങ്ങളിലേറെയും ബിജെപി നിലപാടുകളോടു പരസ്യമായി ചേർന്നുനിൽക്കുന്നവരാണ്. അതിൽ തെറ്റില്ല; പക്ഷേ, സിനിമയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും ഗുണകരമാകില്ലെന്നു വ്യക്തമായിരിക്കുന്നു. അമേരിക്കൻ ചലച്ചിത്ര സംവിധായകൻ മാർട്ടിൻ സ്കോസെസിയുടെ നിരീക്ഷണം ഇന്ത്യക്കാർക്കും മനസിലാകുന്നത്ര വ്യക്തമായിരിക്കുന്നു: “സിനിമ ഫ്രെയിമിനുള്ളിലെ കാര്യം മാത്രമല്ല, പുറത്തുള്ളതുമാണ്.” അതേ, സിനിമ കാഴ്ചക്കാരുടേതു മാത്രമല്ല, കാഴ്ചക്കാരെ ഭയക്കുന്നവരുടേതുമാണ്.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു വിശ്വാസ്യത നിലനിർത്തണമെങ്കിൽ, സിനിമയെ വിലമതിക്കുന്നുണ്ടെങ്കിൽ ഈ തീരുമാനം പുനഃപരിശോധിക്കണം. ഇല്ലെങ്കിൽ സ്ഥാപനത്തിന്റെ പേരു മാറ്റിയാലും മതി.
Tags : DEEPIKA EDITORIAL