Editorial Audio
ഏഷ്യ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റിലെ കൗമാരതാരങ്ങൾ പഠിപ്പിച്ച പാഠം മറക്കരുതാത്തതാണ്; കളിയിൽ മാത്രമല്ല, ജീവിതത്തിലും. അവസാന നിമിഷംവരെ പൊരുതുന്നവരുടെ കൂടെയാണ് ജയം എന്ന സത്യമാണ് കളിക്കൊടുവിൽ ഒമാനിലെ സ്റ്റേഡിയത്തിലെ സ്കോർ ബോർഡിലും കാണികളുടെ മനസിലും തെളിഞ്ഞു കത്തിയിട്ടുണ്ടാകുക. പോരാട്ടം കൈവിടുന്ന നിമിഷം തോൽവിയുടെ, മരണത്തിന്റെ നിഴൽ നമ്മെ മൂടുമെന്ന പരമസത്യം നിരന്തരം ബോധ്യപ്പെടുത്തുന്ന ഇടമാണ് കളിമൈതാനങ്ങൾ.
എന്തൊരു ജയമായിരുന്നു ഇന്ത്യയുടെ അണ്ടർ-19 ടീമിന്റേത്! ഏഷ്യ കപ്പ് ഫൈനൽ. പിന്തുടരുന്നത് പാക്കിസ്ഥാന്റെ 338 എന്ന ചെറുതല്ലാത്ത ലക്ഷ്യം. നാൽപത്തിരണ്ടാം ഓവറിൽ എട്ടിന് 252. തോൽവിയെക്കുറിച്ച് ആരാധകർ അസ്വസ്ഥരായിത്തുടങ്ങിയ നിമിഷം. 101 പന്തിൽ 80 റൺസെടുത്ത നായകൻ ലക്ഷ്യ റായ്ചന്ദാനിയുടെയും, 61 പന്തിൽ 58 റൺസെടുത്ത ആര്യവീർ സെവാഗിന്റെയും ശ്രമം വിഫലമാകുമോയെന്ന സന്ദേഹം.
പക്ഷേ, ഏഴാം നമ്പർ ബാറ്റർ മനൽ ചൗഹാനും പത്താം നമ്പറായി ക്രീസിലെത്തി 26 പന്തിൽ പുറത്താകാതെ 49 റൺസെടുത്ത് വിജയനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ച മോഹിത് ഉൽവയും പോരാട്ടം അവസാനിപ്പിച്ചിട്ടില്ലായിരുന്നു. അവസാന പന്ത്. അവസാന വിക്കറ്റ്. ജയിക്കാൻ മൂന്നു റൺസ്. ഈ സൂചിമുനയിൽ നിൽക്കുമ്പോൾ അസാധാരണ മനക്കരുത്ത് വേണം. ഭാഗ്യം എപ്പോഴും പോരാളികൾക്കൊപ്പമാകുമെന്ന മഹദ്വചനങ്ങൾ സത്യമായ നിമിഷം പിറന്നു. ത്രസിപ്പിക്കുന്ന ഈ വിജയത്തിനു നന്ദി. കഴിഞ്ഞ വർഷം ഫൈനലിലും ഈ വർഷം പ്രാഥമിക റൗണ്ടിലും പാക്കിസ്ഥാനോടേറ്റ തോൽവിക്കുള്ള മധുര പ്രതികാരമാണിത്. രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയിരിക്കുന്നു ഈ കുട്ടികൾ.
ഒട്ടേറെ ചാരുതകളുടെ മോഹിപ്പിക്കുന്ന ലയനമാണ് ചാമ്പ്യന്മാരെയും താരങ്ങളെയും സൃഷ്ടിക്കുന്നതെന്ന യാഥാർഥ്യവും ഈ മത്സരം ഊട്ടിയുറപ്പിച്ചു. ടീമിലെ പ്രധാന പേസ് ബൗളറായ മോഹിത് ഉൽവ നിർണായക ഘട്ടത്തിൽ തുണച്ചത് ബാറ്റുകൊണ്ട്. ഏഴാമനായി ഇറങ്ങിയ മനൽ ചൗഹാന്റെയും പതിനൊന്നാമനായി ഇറങ്ങിയ ചിഗുരുപതി വെങ്കട്ടയുടെയും മനോധൈര്യമില്ലായിരുന്നെങ്കിൽ ഉൽവയെന്ന നിമിഷതാരം ഉണ്ടാകുമായിരുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിഭാദാരിദ്ര്യമില്ലെന്ന വസ്തുത അടിവരയിട്ടുറപ്പിക്കുകയാണ് ഈ ജയം. പാരമ്പര്യത്തിന്റെ തുടർച്ചയും നമ്മെ ആനന്ദിപ്പിക്കുന്നു. ചാമ്പ്യൻഷിപ്പിൽ ടോപ് സ്കോററായത് ആര്യവീർ സെവാഗ് (361 റൺസ്). ഇന്ത്യൻ ക്രിക്കറ്റിൽ വീരേതിഹാസം രചിച്ച സാക്ഷാൽ വീരേന്ദർ സെവാഗിന്റെ പുത്രൻ. ബാറ്റിംഗിലെ മഹാമേരുവായിരുന്ന, പിന്നീട് ഇന്ത്യൻ ടീമിന്റെ പരിശീലകനായും തിളങ്ങിയ മറ്റൊരു മഹാതാരം രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും തിളങ്ങിയ ടൂർണമെന്റായിരുന്നു ഇത്.
എട്ടുവർഷംമുമ്പ് ഡൽഹിയിലെ പ്രശസ്തമായ സോണറ്റ് ക്രിക്കറ്റ് ക്ലബ്ബിൽനിന്നു തുടങ്ങിയ ക്രിക്കറ്റ് യാത്രയാണ് ആര്യവീർ സെവാഗ് എന്ന താരോദയത്തിലെത്തി നിൽക്കുന്നത്. താരക് സിൻഹ, ദേവേന്ദർ ശർമ തുടങ്ങിയ പ്രമുഖ പരിശീലകരുടെ സഹായംകൂടിയായപ്പോൾ ജന്മസിദ്ധമായ പ്രതിഭ വെട്ടിത്തിളങ്ങാൻ തുടങ്ങി. തുടക്കം പിതാവിന്റെ ആക്രമണോത്സുക ഫ്രണ്ട് ഫുട് ശൈലിയിൽത്തന്നെയായിരുന്നു.
പിന്നീട് സ്വന്തം വീഴ്ചകൾ വിശകലനം ചെയ്തും ഷോട്ടുകൾ മെച്ചപ്പെടുത്തിയും ആര്യവീർ ബുദ്ധിപൂർവമുള്ള കളിയിലേക്കു നീങ്ങുകയായിരുന്നു. വൈഭവ് സൂര്യവംശി, ആര്യവീർ സെവാഗ്... നമ്മെ വിസ്മയിപ്പിക്കുന്ന പേരുകൾ ഇന്ത്യൻ ക്രിക്കറ്റിന്റെ പെരുമ വരുംകാലങ്ങളിലും ഉയർത്തിപ്പിടിക്കട്ടെ. 1983ൽ കപിലിന്റെ ചെകുത്താന്മാർ തുടങ്ങിയ വിപ്ലവം പുതിയ കാലത്ത്, പുതിയ രീതികളിൽ വീര്യം കെടാതെ ഒഴുകുകയാണ്.
ഏഴു വർഷത്തിനുശേഷം ന്യൂസിലൻഡ് മണ്ണിൽ ഇന്ത്യൻ സീനിയർ ടീം പരമ്പര നേടിയതും ഇതോട് ചേർത്തുവയ്ക്കുമ്പോൾ ഇരട്ടിമധുരമായി.
കളിയിലെ കച്ചവടത്തിനും കച്ചവടത്തിലെ കളിക്കുമപ്പുറമാണ് ക്രിക്കറ്റ് എന്ന ഗെയിം നൽകുന്ന അനിശ്ചിതത്വത്തിന്റെ ആനന്ദം. കപ്പിനും ചുണ്ടിനുമിടയിലെ നിരാശയും ഒരു പന്ത്, ഒരു ഷോട്ട്, അല്ലെങ്കിൽ ഒരു അസാധ്യ ക്യാച്ച് സമ്മാനിക്കുന്ന വിജയോന്മാദവും മാറിമാറി അനുഭവിക്കുന്നവരാണ് കളിക്കാരും കാണികളും.
1986ൽ ഷാർജ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ചേതൻ ശർമയും പാക്കിസ്ഥാന്റെ ജാവേദ് മിയാൻദാദും അതറിഞ്ഞവരാണ്. 1983ൽ ലോകകപ്പ് ഫൈനലിൽ ഒരു വശത്തേക്കു തിരിഞ്ഞ് പിറകിലേക്കോടി അസാധ്യമായൊരു നിമിഷത്തിൽ പന്ത് കൈയിലൊതുക്കിയപ്പോൾ കപിൽദേവും വിവ് റിച്ചാർഡ്സും വിരുദ്ധഭാവങ്ങളുടെ തീക്ഷ്ണത തൊട്ടറിഞ്ഞതും നമ്മൾ കണ്ടതാണ്. അങ്ങനെ എത്രയെത്ര മുഹൂർത്തങ്ങൾ.
ലോകരാഷ്ട്രീയത്തിലെ ഉൾപ്പിരിവുകളും പരമ്പരാഗത ശത്രുതയുമൊക്കെ കളിക്കളങ്ങളെ അശാന്തമാക്കുന്ന കാഴ്ചകളും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. സ്പോർട്ടിംഗ് സ്പിരിറ്റ് എന്നത് അതിനെല്ലാം മുകളിലാണ്. അതറിയുന്നവരുടെ രോമാഞ്ചം കൊള്ളിച്ച പല അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. ഒരു പന്തും ഒരു വിക്കറ്റും വിജയിക്കാൻ മൂന്നു റൺസും എന്ന സമ്മോഹനാവസ്ഥയെ അതിജീവിച്ച് ഒരു ടീം കപ്പുയർത്തുമ്പോൾ യഥാർഥത്തിൽ വിജയിക്കുന്നത് ക്രിക്കറ്റ് എന്ന മഹത്തായ ഗെയിമാണ്. സ്പോർട്സിന്റെയും ക്രിക്കറ്റിന്റെയും ആത്മസത്ത ഉയർത്തിപ്പിടിക്കാൻ പുതുരക്തത്തിനും കഴിഞ്ഞാൽ എല്ലാ വിജയങ്ങൾക്കും തിളക്കമേറും. എല്ലാ കളിമൈതാനങ്ങളിലും ഇന്ത്യൻ പതാക ഉയരെ ഉയരെ പറക്കട്ടെ.
Tags : Deepika Editorial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash