പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2026-27 സാമ്പത്തിക വർഷം രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITs/IIMs/IISc/IMSc കോഴ്സുകളിൽ ഉപരിപഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കും.
അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബിഇ/ ബിടെക്) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും ഐഐഎമ്മുകളിലും ഐഐഎസ്സികളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കും ഒന്നാം/രണ്ടാം/മൂന്നാം/നാലാം/അഞ്ചാം വർഷ IMSc വിദ്യാർഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
കേരളത്തിലെ സ്ഥിരതാമസക്കാരായ/ കേരളത്തിൽ ജനിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
കോഴ്സ് കാലാവധിക്കുള്ളിൽ ഒറ്റ തവണയായി 50,000 രൂപ സ്കോളർഷിപ്പ് അനുവദിക്കും. മുൻ വർഷങ്ങളിൽ വകുപ്പിൽ നിന്നും ഈ സ്കോളർഷിപ്പ് ലഭിച്ചവരും മറ്റു വകുപ്പുകളിൽ/ സ്ഥാപനങ്ങളിൽ നിന്നും ഇതേ കോഴ്സുകൾക്ക് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളും സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. www.mwdscholarship .kerala.gov.in ലൂടെ 30നകം അപേക്ഷിക്കണം.
ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ അഞ്ചിനുള്ളിൽ വകുപ്പിലേക്ക് നേരിട്ടോ/തപാൽ മാർഗമോ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2300523, 0471-2300524.
Tags : Scholarships Minority Students Education Learning Teaching School Classroom SpecialEducation Literacy Language Study Examination RightToEducation