ജറൂസലെം: കിഴക്കന്‍ ജറൂസലെമിൽ ഇസ്രേലി പൗരൻ നടത്തിയ ആക്രമണത്തിൽ കന്യാസ്ത്രീക്കു പരിക്ക്. ജറൂസലെമിലെ ഫ്രഞ്ച് സ്കൂൾ ഓഫ് ബൈബിൾ ആൻഡ് ആർക്കിയോളജിക്കൽ റിസർച്ചിൽ സേവനം ചെയ്യുന്ന 46കാരിയായ കന്യാസ്ത്രീയാണ് അതിക്രമത്തിനിരയായത്. തീവ്ര യഹൂദ നിലപാടുള്ള മുപ്പത്തിയാറുകാരനാണ് ആക്രമണം നടത്തിയത്.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വംശീയ ആക്രമണമാണെന്നാണ് പോലീസ് നല്കുന്ന സൂചന. പ്രതി പിന്നിലൂടെയെത്തി കന്യാസ്ത്രീയെ തള്ളിയിടുകയായിരുന്നു. ആക്രമണത്തിൽ കന്യാസ്ത്രീയുടെ മുഖത്ത് പരിക്കേറ്റു.
ജറൂസലെമിലും പരിസരങ്ങളിലും സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രേലി സേനയും കോളനിവാസികളും നടത്തുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവമെന്ന് അൽ-ബൈദർ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് സംഘടന വ്യക്തമാക്കി.
കന്യാസ്ത്രീക്കു നേരേയുണ്ടായ ആക്രമണത്തെ ജറൂസലെമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ബിഷപ് വില്യം ഷോമാലി അപലപിച്ചു. വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.
Tags : East Jerusalem Attack virgin Nun