റിയാദ്: സൗദി അറേബ്യയിൽ ബസ് അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപെട്ടത്. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മായിൽ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു അപകടം. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിലെ മഹ്ലൂമിയ എന്ന സ്ഥലത്ത് ബസ് മറിയുകയായിരുന്നു. ബസിന്റെ പിൻവശത്തെ ടയറുകൾ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്.
മലയാളി ഉംറ ഗ്രൂപ്പിന്റെ കീഴിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ആയിരുന്നു ഹോത്ത ബനീ തമീമിൽ നിന്ന് തീർഥാടകരുമായി ബസ് പുറപ്പെട്ടത്. യാത്രയ്ക്കിടെ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ച ശേഷം സംഘം യാത്ര തുടർന്നു.
തുടർന്നുള്ള യാത്രയിൽ വാഹനത്തിന്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സർവീസ് സെന്ററിലെത്തിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. വീണ്ടും യാത്ര തുടരുന്നതിനിടെയാണ് പിൻവശത്തെ രണ്ട് ടയറുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്.
ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ ഷീബയും ഇസ്മായിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരിൽ മലയാളികൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു.
Tags : Bus accident accident Saudi Arabia death