വത്തിക്കാൻ സിറ്റി: യുദ്ധത്തിന് ഉത്തരവാദികളായ ക്രൈസ്തവർ ആത്മപരിശോധന നടത്തണമെന്നും കുന്പസാരിക്കുന്പോൾ മനഃസാക്ഷിയെ ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
സമാധാനവും ഐക്യവും വളർത്തിയെടുക്കുന്നതിൽ അനുരഞ്ജനകൂദാശയ്ക്കു ശക്തിയുണ്ടെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ അനുരഞ്ജന കൂദാശയുമായി ബന്ധപ്പെട്ടുള്ള സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വൈദികരെയും വൈദികവിദ്യാർഥികളെയും അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
സായുധ സംഘട്ടനങ്ങളിൽ ഗൗരവതരമായ ഉത്തരവാദിത്വം വഹിക്കുന്ന ക്രൈസ്തവർക്കു മനഃസാക്ഷിയെ ഗൗരവമായി പരിശോധിച്ച് കുമ്പസാരിക്കാനുള്ള എളിമയും ധൈര്യവും ഉണ്ടോയെന്ന് ആരെങ്കിലും ചോദിച്ചേക്കാം. ദൈവവുമായുള്ള ഐക്യം പുനഃസ്ഥാപിക്കുകയും വിശുദ്ധീകരിച്ചു കൃപ നിറയ്ക്കുകയും ചെയ്യുന്നതിനാൽ അനുരഞ്ജന കൂദാശ ഒരു "ഐക്യത്തിന്റെ ലബോറട്ടറി' യായി വർത്തിക്കുന്നു. കൂടാതെ, അനുരഞ്ജന കൂദാശ നമ്മെ പരസ്പര ഐക്യത്തോടെയും സഭയുമായും ചേർന്നും ജീവിക്കാൻ പഠിപ്പിക്കുന്നു. അനുരഞ്ജനമുള്ള ഒരാൾക്കു മാത്രമേ നിരായുധനായി ജീവിക്കാൻ കഴിയൂ.
അഭിമാനത്തിന്റെ ആയുധങ്ങൾ താഴെ വച്ച് ദൈവത്തിന്റെ ക്ഷമയാൽ ജീവിതം നവീകരിക്കുന്ന ക്രൈസ്തവർ പിന്നീട് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനുരഞ്ജനത്തിന്റെ വക്താക്കളായി മാറുന്നു. അതേസമയംതന്നെ, ദൈവവുമായി അനുരഞ്ജനത്തിലായ ആളുകൾ അനിയന്ത്രിതമായ ഉപഭോഗസംസ്കാരത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത വാഗ്ദാനങ്ങളും സത്യത്തിൽനിന്നു വേർപെട്ട സ്വാതന്ത്ര്യത്തിന്റെ നിരാശാജനകമായ അനുഭവവും കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയുകയും ചെയ്യുന്നു.
വർഷത്തിൽ ഒരിക്കലെങ്കിലും അനുരഞ്ജന കൂദാശ സ്വീകരിക്കണമെന്നാണു സഭ നമ്മെ പഠിപ്പിക്കുന്നത്. എന്നിരുന്നാലും, കർത്താവിന്റെ ദാനം സ്വീകരിക്കുന്നതിനായി വിശ്വാസത്തിന്റെയും ഹൃദയത്തിന്റെയും ലാളിത്യത്തോടെ സഭയുടെ കാരുണ്യത്തിന്റെ അനന്തമായ നിധിയായ കുമ്പസാരക്കൂടിനെ സമീപിക്കുന്നതിൽ പലരും പലപ്പോഴും പരാജയപ്പെടുന്നു -മാർപാപ്പ പറഞ്ഞു.
അനുരഞ്ജന കൂദാശയിലൂടെ ദൈവികകരുണ വാഗ്ദാനം ചെയ്യുകവഴി വലിയ ഉത്തരവാദിത്വമാണ് കുന്പസാരക്കാരായ വൈദികർക്കും ഭാവി വൈദികർക്കുമുള്ളതെന്നും മാർപാപ്പ ഓർമിപ്പിച്ചു. കുന്പസാരമെന്ന കൂദാശ ഒരു വ്യക്തിയെ പരിവർത്തനത്തിനു വിധേയമാക്കുന്പോൾ അത് സഭയ്ക്കുതന്നെ ശക്തി പകരുകയും പുതിയ ഊർജം നൽകുകയും ചെയ്യുന്നു.
കുമ്പസാരക്കൂട്ടിൽ വിശുദ്ധരായി മാറിയ വിശുദ്ധ ജോൺ മരിയ വിയാനി, വിശുദ്ധ ലിയോപോൾദ് മാൻഡിക്, വിശുദ്ധ പാദ്രെ പിയോ, വാഴ്ത്തപ്പെട്ട മൈക്കൽ സോപോക്കോ തുടങ്ങിയവരുടെ കാര്യവും മാർപാപ്പ ചൂണ്ടിക്കാട്ടി. പാപമോചനത്തിന്റെ കൂദാശ വിശ്വസ്തതയോടെ നിർവഹിക്കാനും അതുവഴി ദൈവികകരുണയുടെ ശുശ്രൂഷകരാകാനും വൈദികരെയും വൈദികവിദ്യാർഥികളെയും മാർപാപ്പ ഉദ്ബോധിപ്പിച്ചു.
Tags : Christians war responsible soul Pope Leo XIV confession