ദുബായ്: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ ഡ്രോൺ - മിസൈൽ ആക്രമണങ്ങൾ. ബുർജ് ഖലീഫ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ മേഖലയിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്. ഇറാൻ ആരംഭിച്ച ഓപ്പറേഷൻ ട്രൂ പ്രോമിസിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങളെന്നാണ് റിപ്പോർട്ടുകൾ. യുഎഇക്ക് പുറമെ കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ദുബായിലെയും അബുദാബിയിലെയും തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യമിട്ട് എത്തിയ നിരവധി ഡ്രോണുകളും മിസൈലുകളും യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് വെച്ച് തകർത്തു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യുഎഇയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അയൽരാജ്യങ്ങളായ കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലും സുരക്ഷ കർശനമാക്കി.
ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണങ്ങൾ തടയാൻ അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഈ രാജ്യങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കി. ആക്രമണ ഭീഷണിയെത്തുടർന്ന് ദുബായ്, അബുദാബി വിമാനത്താവളങ്ങളിലൂടെയുള്ള സർവീസുകളിൽ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. തങ്ങളുടെ ശത്രുക്കളെ സഹായിക്കുന്ന എല്ലാ സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ദുബായിലെ സാമ്പത്തിക മേഖലയെയും വിദേശ നിക്ഷേപങ്ങളെയും വലിയ രീതിയിൽ ആശങ്കയിലാക്കി.
Tags : Gulf region Drone and missile attacks Dubai and Abu Dhabi