സിഡ്നി: പശ്ചിമേഷ്യാ യുദ്ധം മൂലം ഇന്ധന പ്രതിസന്ധി നേരിടുന്ന ഓസ്ട്രേലിയയ്ക്ക് കൂനിൽമേൽ കുരുവായി റിഫൈനറിയിലെ തീപിടിത്തം.
വിവാ എനർജി കന്പനിയുടെ വിക്ടോറിയ സംസ്ഥാനത്തെ റിഫൈനയിൽ ബുധനാഴ്ച രാത്രിയാണു തീപിടിത്തമുണ്ടായത്.
ദിവസം 1.2 ലക്ഷം വീപ്പ എണ്ണ ശുദ്ധീകരിക്കുന്ന ഇത് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നാണ്.
ഓസ്ട്രേലിയയ്ക്കു വേണ്ട പത്തിലൊന്നും വിക്ടോറിയ സംസ്ഥാനത്തെ പാതിയും എണ്ണ വിവാ റിഫൈനറിയാണ് ഉത്പാദിപ്പിക്കുന്നത്. തീപിടിത്തം ഇന്നലെ ഉച്ചയോടെ നിയന്തരണവിധേയമാക്കി എന്നാണ് അറിയിപ്പ്.
തീപിടിത്തം മൂലം പെട്രോള്‍ ഉത്പാദനം തടസപ്പെട്ടു. ഡീസൽ, വിമാന ഇന്ധന ഉത്പാദനം തടസപ്പെട്ടിട്ടില്ലെന്നാണ് സൂചന.
എണ്ണയാവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഓസ്ട്രേലിയയ്ക്ക് തീപിടിത്തം കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. രാജ്യത്തെ എണ്ണവില ഇനിയും ഉയർന്നേക്കും.
ഇതിനിടെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എണ്ണയിറക്കുമതി വർധിപ്പിക്കാനായി സിംഗപ്പുർ, ബ്രൂണെ, മലേഷ്യ രാജ്യങ്ങൾ സന്ദർശിച്ചു.
Tags : Fire Australian refinery refinery