ജനീവ: യുദ്ധാശങ്കകൾക്കിടെ ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാംവട്ട ചർച്ച ഇന്നലെ ജനീവയിൽ നടന്നു. വിട്ടുവീഴ്ചാ മനോഭാവം ഉണ്ടാകുമെന്ന സൂചന ചർച്ചയ്ക്കു മുന്പായി ഇറേനിയൻ വൃത്തങ്ങൾ നല്കിയിരുന്നു.
ഇറാന്റെ ആണപദ്ധതികൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഈ മാസമാണ് അമേരിക്ക വീണ്ടും ചർച്ചയ്ക്കു മുൻകൈയെടുത്തത്. ഇതോടൊപ്പം ഇറാനെ സമ്മർദത്തിലാക്കാനായി അമേരിക്ക പശ്ചിമേഷ്യയിൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
പാശ്ചാത്യ ഉപരോധങ്ങൾ നീക്കുന്നതിനു പകരം ആണവപദ്ധതികൾ പരിമിതപ്പെടുത്താമെന്നാണ് ഇറാന്റെ പക്ഷം. അതേസമയം, ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കാനുള്ള അവകാശം ഉപേക്ഷിക്കില്ലെന്നും ഇറാൻ പറയുന്നു.
ആണവപദ്ധതികൾക്കു പുറമേ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും ചർച്ചയിൽ ഉൾപ്പെടുത്തണമെന്നാണ് അമേരിക്കൻ ആവശ്യം.
അമേരിക്ക വരെ എത്താവുന്ന മിസൈലുകളാണ് ഇറാൻ നിർമിക്കുന്നതെന്നും ഇറാൻ അണ്വായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബുധനാഴ്ച ഇക്കാര്യം ആവർത്തിച്ചു. മിസൈൽ വിഷയം ഉൾപ്പെടുത്താതെ ചർച്ച എങ്ങുമെത്തില്ലെന്നു റൂബിയോ കൂട്ടിച്ചേർത്തു.
ജനീവയിലെ ചർച്ചകൾ ആണവവിഷയത്തിൽ മാത്രമായിരിക്കുമെന്നും എന്നാൽ, ഇറാൻ വിട്ടുവീഴ്ചാ മനോഭാവം പ്രകടിപ്പിച്ചേക്കുമെന്നും അവരുടെ വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചു.
ഇതിനിടെ, ഇറാനെ ലക്ഷ്യമിട്ട് ട്രംപ് അയച്ച ജറാൾഡ് ഫോർഡ് എന്ന രണ്ടാം വിമാനവാഹിനി ഇന്നു പശ്ചിമേഷ്യയിലെത്തും. ഇസ്രയേലിലെ ഹൈഫ തുറമുഖത്തിനടുത്തായിരിക്കും നങ്കൂരമിടുകയെന്നാണു സൂചന. ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്. ഏബ്രഹാം ലിങ്കൺ എന്ന മറ്റൊരു കൂറ്റൻ വിമാനവാഹിനിയും പശ്ചിമേഷ്യയിലുണ്ട്.
യുദ്ധസാധ്യതയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ എണ്ണയുത്പാദനവും കയറ്റുമതിയും വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്. അമേരിക്ക ആക്രമിച്ചാൽ ഗൾഫിൽനിന്ന് എണ്ണടാങ്കറുകൾ പുറംലോകത്തേക്കു കടക്കുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഇറാന്റെ ഭീഷണി.
Tags : Iran United States held talks again Geneva nuclear program