ലണ്ടൻ: ഹോർമൂസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് ഈ സംഭവം.
യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) കേന്ദ്രം നൽകുന്ന സൂചന അനുസരിച്ച്, രാവിലെ 7:55ന് ഒമാനിൽ നിന്ന് 15 നോട്ടിക്കൽ മൈൽ (28 കിലോമീറ്റർ) വടക്കുകിഴക്കായാണ് സംഭവം.
വെടിവയ്പ്പിൽ കപ്പലിന് കേടുപാടുണ്ടായി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും യുകെഎംടിഒ അറിയിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് കപ്പലിനെ ആക്രമിച്ചതെന്ന് ഇറാനിയൻ സ്റ്റേറ്റ് ലിങ്ക്ഡ് മീഡിയ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഏത് രാജ്യത്തിന്റെ കപ്പലിന് നേരെയാണ് വെടിവയ്പ്പുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞയാഴ്ച യുഎസ് സൈന്യം ഒരു ഇറാനിയൻ കണ്ടെയ്നർ കപ്പൽ പിടിച്ചെടുത്തിരുന്നു.
Tags : Iran Fire Ship Hormuz Ceasefire Announcement