ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനെ ആശങ്കയിലാഴ്ത്തി പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ മകൻ മോജ്തബ ഖമനയ് അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ. മോജ്തബ ഖമനയ് നിലവിൽ അബോധാവസ്ഥയിലാണെന്നും രാജ്യത്തിന്റെ സുപ്രധാനമായ ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാന്റെ ഭാവിയെ സംബന്ധിച്ച് നിർണായകമായ ഒരു ഘട്ടത്തിലാണ് ഈ വാർത്ത പുറത്തുവരുന്നത്. അലി ഖമനയ്ക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവായി മോജ്തബ ഖമനയ് വരുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പെട്ടെന്നുണ്ടായ ആരോഗ്യക്ഷയം ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തിൽ വലിയ അനിശ്ചിതത്വത്തിന് വഴിമാറിയിരിക്കുകയാണ്.
ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മോജ്തബയുടെ ആരോഗ്യനില മോശമായത് ഇറാന്റെ സൈനിക നീക്കങ്ങളെയും തന്ത്രപരമായ തീരുമാനങ്ങളെയും ബാധിച്ചേക്കാം. മോജ്തബ അബോധാവസ്ഥയിലായതോടെ ഇറാന്റെ ഭരണതലപ്പത്ത് ഒരു അധികാര ശൂന്യത നിലനിൽക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, മോജ്തബയുടെ ആരോഗ്യനിലയെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന വ്യക്തിയായിരുന്നു മോജ്തബ ഖമനയ്.
Tags : Iran Mojtaba Khamenei Supreme Leader Latest News