വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ഷ്രീവ്പോർട്ടിൽ ഇന്നലെ രാവിലെയുണ്ടായ വെടിവയ്പിൽ എട്ട് കുട്ടികൾ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. ഒരു വയസ് മുതൽ 14 വയസ് വരെയുള്ള കുട്ടികളാണ് ക്രൂരതയ്ക്കിരയായത്.
കുടുംബകലഹത്തെത്തുടർന്നാണ് വെടിവയ്പുണ്ടായതെന്നാണ് ഷ്രീവ്പോർട്ട് പോലീസ് ചീഫ് വെയ്ൻ സ്മിത്ത് നൽകുന്ന പ്രാഥമിക വിവരം. രാവിലെ ആറോടെയാണു മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള മൂന്ന് സ്ഥലങ്ങളിലായി വെടിവയ്പ് നടന്നത്.
ആക്രമണത്തിനുശേഷം പ്രതി ഒരു കാർ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെ പോലീസ് പിന്തുടർന്നു. ഒടുവിൽ ബോഷിയർ സിറ്റിയിൽ വച്ച് വെടിയേറ്റാണു പ്രതി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടികളിൽ പലരും പ്രതിയുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് സൂചന. ലൂസിയാന സ്റ്റേറ്റ് പോലീസ് സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദാരുണ സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പോർട്ട് തേടി. കുട്ടികൾ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചു.
Tags : eight children shot dead in US