ടെൽഅവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യം സന്ദർശിച്ചതായുള്ള അവകാശവാദം തള്ളി യുഎഇ. നെതന്യാഹുവിന്റെ ഓഫീസാണ് യുഎഇ സന്ദർശിച്ച കാര്യം എക്സിലൂടെ അറിയിച്ചത്.
എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചോ ഇസ്രയേലി സൈനിക പ്രതിനിധിയെ സ്വീകരിച്ചതിനെക്കുറിച്ചോ ഉള്ള റിപ്പോർട്ടുകൾ നിഷേധിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നെതന്യാഹു യുഎഇ സന്ദർശിക്കുകയും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായാണ് ഇസ്രയേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്. ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരമായ ഒരു വഴിത്തിരിവാണ് ഈ സന്ദർശനം സൃഷ്ടിച്ചതെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തിരുന്നു.
നെതന്യാഹുവിന്റെ ഓഫീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കണക്കുപറയിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാനിയൻ സുരക്ഷാ വിഭാഗങ്ങൾ നേരത്തെ കൈമാറിയ കാര്യങ്ങളാണ് നെതന്യാഹു ഇപ്പോൾ പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു. ‘ഭിന്നത വിതയ്ക്കാൻ ഇസ്രായേലുമായി കൂട്ടുനിൽക്കുന്നവരെ കണക്കുപറയിപ്പിക്കും' എന്നാണ് അരാഗ്ചി എക്സിൽ കുറിച്ചത്.
Tags : UAE rejects Benjamin Netanyahu visited