വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കൻ സൈന്യത്തിന് നിർണായകമായത് 'പ്രോജക്ട് മേവൻ' എന്ന അത്യാധുനിക സോഫ്റ്റ്വെയർ ആണെന്ന റിപ്പോർട്ടുകൾ പുറത്ത്. ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം നടന്ന സൈനിക നീക്കങ്ങളിൽ ശത്രുക്കളുടെ ഒളിത്താവളങ്ങൾ കണ്ടെത്താനും കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താനും സഹായിച്ചത് പാലന്റിർ എന്ന കമ്പനി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയാണ്.
ഡ്രോണുകളിൽ നിന്നും സാറ്റലൈറ്റുകളിൽ നിന്നുമുള്ള ആയിരക്കണക്കിന് മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വിശകലനം ചെയ്യാൻ ഈ സോഫ്റ്റ്വെയറിന് സാധിക്കും.
മനുഷ്യനേക്കാൾ വേഗത്തിൽ ശത്രുക്കളുടെ സൈനിക വാഹനങ്ങൾ, ആയുധപ്പുരകൾ, ഒളിത്താവളങ്ങൾ എന്നിവ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ സൈന്യത്തെ സഹായിച്ചതായാണ് യുഎസിന്റെ വെളിപ്പെടുത്തൽ.
അലക്സ് കാർപ്പിന്റെ നേതൃത്വത്തിലുള്ള പാലന്റിർ ടെക്നോളജീസ് ആണ് ഈ പ്രോജക്ടിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ ഗൂഗിൾ ഈ പദ്ധതിയുമായി സഹകരിച്ചിരുന്നെങ്കിലും, യുദ്ധാവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്നതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഗൂഗിൾ ഇതിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ പാലന്റിർ ഈ പദ്ധതിയുമായി മുന്നോട്ട് പോവുകയും അമേരിക്കൻ പ്രതിരോധ വകുപ്പുമായി ചേർന്ന് ഇത് വികസിപ്പിക്കുകയും ചെയ്തു.
Tags : Palantir Technology Iran Latest News Trump