വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട വന്പൻ ടാങ്കർ അമേരിക്ക പിടിച്ചെടുത്തു. വെനസ്വേലൻ എണ്ണ കടത്തുന്നതിന്റെ പേരിൽ ഉപരോധം നേരിടുന്ന കപ്പലാണ് പിടിച്ചെടുത്തത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽനിന്നു താഴെയിറക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം സമ്മർദം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടിയെന്ന് കരുതുന്നു.
യുഎസ് പ്രസിഡന്റ് ട്രംപാണ് കപ്പൽ പിടിച്ചെടുത്ത കാര്യം അറിയിച്ചത്.കപ്പലിലെ എണ്ണ അമേരിക്ക സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ഹെലികോപ്റ്ററുകളിലെത്തിയ സൈനികർ കപ്പലിൽ ഇറങ്ങുന്ന വീഡിയോ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പുറത്തുവിട്ടു.
അമേരിക്കൻ നടപടി കടൽക്കൊള്ളയാണെന്നും അന്താരാഷ്ട്ര വേദികളിൽ വിഷയം ഉന്നയിക്കുമെന്നും വെനസ്വേല പ്രതികരിച്ചു.
അതേസമയം കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സ്കിപ്പർ എന്നു പേരുള്ള വന്പൻ ടാങ്കറാണ് ഇതെന്നു റിപ്പോർട്ടുണ്ട്. ഇറാനിൽനിന്നും വെനസ്വേലയിൽനിന്നും എണ്ണ കടത്തുന്നതിന്റെ പേരിൽ ഈ കപ്പലിനുമേൽ യുഎസ് ഉപരോധം നിലവിലുണ്ട്.
വെനസ്വേലയിലെ ഹൊസെ തുറമുഖത്തുനിന്ന് ഈ മാസം നാലിനോ അഞ്ചിനോ പുറപ്പെട്ട ടാങ്കറിൽ 18 ലക്ഷം ബാരൽ ക്രൂഡ് ഉണ്ടായിരുന്നു. കുറാകാവോയിൽവച്ച് ക്യൂബയിലേക്കുള്ള നെപ്ട്യൂൺ-6 എന്ന ടാങ്കറിന് രണ്ടു ലക്ഷം ബാരൽ എണ്ണ കൈമാറി. തുടർന്നാണ് അമേരിക്കൻ സേന പിടിച്ചെടുത്തത്.
ടാങ്കർ പിടിച്ചെടുത്ത വാർത്ത പുറത്തുവന്നതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. വെനസ്വേലയ്ക്കു സമീപം സൈനികവിന്യാസം വർധിപ്പിച്ച അമേരിക്ക എണ്ണക്കപ്പൽ പിടിച്ചെടുക്കുന്നത് ഇതാദ്യമാണ്. വെനസ്വേലയിൽനിന്ന് മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കെതിരേ എന്ന പേരിൽ അമേരിക്ക നടത്തിയ 20 ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Tags : US seizes US Military oil tanker Venezuela