ലണ്ടന്‍: ഈ വർഷത്തെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്കാരം തായ്വാനീസ് നോവലിസ്റ്റ് യാംഗ് ഷുവാംഗ് സിക്ക്. ‘തായ്വാന് ട്രാവലോഗ്’ എന്ന നോവലിനാണ് യാംഗ് ഷുവാംഗ് പുരസ്കാരത്തിന് അർഹയായത്.
ആദ്യമായാണു ചൈനീസ് ഭാഷയില്‍നിന്നു വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിക്ക് ബുക്കർ പുരസ്കാരം ലഭിക്കുന്നത്. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ ലിന് കിംഗിനും പുരസ്കാരമുണ്ട്. ലണ്ടനിലെ ടേറ്റ് മോഡേണില് നടന്ന ചടങ്ങില്‍ ജൂറി അധ്യക്ഷ നടാഷ ബ്രൗണാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പുരസ്കാരത്തുകയായ ഏകദേശം 52 ലക്ഷത്തിലധികം രൂപ എഴുത്തുകാരി യാംഗ് ഷുവാംഗ് സിയും വിവര്‍ത്തക ലിന് കിംഗും തുല്യമായി പങ്കിടും. നാഗസാക്കിയില്നിന്നുള്ള ജാപ്പനീസ് നോവലിസ്റ്റ് അയോയമ ചിസുക്കോയും അവളുടെ തായ്വാനീസ് പരിഭാഷകയും പാചകക്കാരിയുമായ ചിസുരുവും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് തായ്വാൻ ട്രാവലോഗിന്റെ കഥ വികസിക്കുന്നത്. 1938 ൽ ജപ്പാന്റെ ഭരണത്തിന്റെ കീഴിലായിരുന്ന തായ്വാനാണ് കഥയുടെ ഭൂമിക.
നാഗസാക്കിയില്‍നിന്ന് തായ്വാൻ സന്ദർശിക്കാനെത്തുന്ന എഴുത്തുകാരി അയോയമ ചിസുക്കോയും ഗൈഡായും വിവർ ത്തകയായും യാത്രയിൽ അനുഗമിക്കുന്ന ചിസുരു എന്ന തായ്വാനീസ് യുവതിയുമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ചിസുരു പരിഭാഷകയും ഒപ്പം മികച്ചൊരു പാചകക്കാരിയുമാണ്.
ഒപ്പമുള്ള യാത്രകള്‍ക്കിടയില്‍ ചിസുരുവിനോട് ചിസുക്കോയ്ക്ക് മൊട്ടിടുന്ന പ്രണയമാണ് കഥാതന്തു. സാമ്രാജ്യത്വ ഭരണാധികാരികളുടെ നാട്ടില്‍നിന്നുള്ള ചിസുക്കോയും അധിനിവേശ കോളനിയിലെ ചിസുരുവും തമ്മിൽ വര്‍ഗപരമായും അധികാരത്തിലുമുള്ള വ്യത്യാസങ്ങള്‍ അവരുടെ ബന്ധത്തെ സങ്കീര്‍ണമാക്കുന്നു.
ഒരേസമയം ഇതൊരു പ്രണയകഥയും ശക്തമായ രാഷ്ട്രീയനോവലുമായി മാറുന്നതായി ജൂറി വിലയിരുത്തി. കൊളോണിയല്‍ അധികാര ഘടനകള്‍ക്കിടയില്‍ മനുഷ്യബന്ധങ്ങള്‍ നിലനിൽക്കുന്നതെങ്ങനെയെന്നു നോവൽ വെളിവാക്കുന്നതായും വിധികര്‍ത്താക്കള്‍ വിലയിരുത്തി.
കഴിഞ്ഞവര്‍ഷം കന്നട എഴുത്തുകാരിയായ ബാനു മുഷ്താഖിന്റെ ‘ഹാര്‍ട്ട് ലാമ്പ്’ എന്ന പുസ്തകത്തിനായിരുന്നു ബുക്കർ പുരസ്കാരം.
Tags : International Booker Prize Yang Shuangzi wins Taiwan Travelogue