കോട്ടയം: കഴിഞ്ഞവർഷം കേരളത്തില്‍ കൂടുതല്‍ മതംമാറ്റമുണ്ടായത് ഹിന്ദു മതത്തിലേക്കാണെന്ന് കണക്കുകൾ പ്രസിദ്ധീകരിച്ച് ഇംഗ്ലീഷ് ഓൺലൈൻ മാധ്യമം.
2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ കേരളത്തിൽ 365 പേർ പുതിയതായി ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ടെന്ന് കേരള ഗസറ്റ് രേഖകൾ പരിശോധിച്ചതിൽനിന്നു വ്യക്തമായെന്ന് ദ ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതില്‍ 262 പേര് ദളിത് ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍നിന്നുള്ളവരാണ്.
ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് 180 പുരുഷന്മാരും 149 സ്ത്രീകളും ഉള്‍പ്പെടെ 329 പേര് ഇക്കാലയളവില്‍ ഹിന്ദുമതം സ്വീകരിച്ചു. 24 പുരുഷന്മാരും 12 സ്ത്രീകളും ഉള്‍പ്പെടെ 36 പേരാണ് ഇസ്ലാം മതം വിട്ട് ഹിന്ദു മതം സ്വീകരിച്ചത്.
ഹിന്ദു മതത്തില്‍നിന്നു 130 സ്ത്രീകളും 104 പുരുഷന്മാരും ഉള്‍പ്പെടെ 234 പേര് 2024ല്‍ ക്രിസ്തുമതം സ്വീകരിച്ചു. 13 സ്ത്രീകളും എട്ടു പുരുഷന്മാരും ഉള്‍പ്പെടെ 21 പേരാണ് ഇസ്ലാം മതം വിട്ട് ക്രിസ്തുമതം സ്വീകരിച്ചത്. ഇത്തരത്തില്‍ ആകെ 255 പേര് മതം മാറ്റത്തിലൂടെ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഹിന്ദു മതം വിട്ട് 276 പേരാണ് ഇസ്ലാം മതം സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 154 സ്ത്രീകളും 122 പുരുഷന്മാരും ഉള്‍പ്പെടുന്നു. 42 സ്ത്രീകളും 25 പുരുഷന്മാരും ഉള്‍പ്പെടെ 67 പേര് ക്രിസ്തുമതം വിട്ട് ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. ആകെ 343 പേരാണ് ഇത്തരത്തില്‍ മതം മാറ്റത്തിലൂടെ ഇസ്ലാം മതം സ്വീകരിച്ചത്.
2020ല്‍ 506 മതംമാറ്റങ്ങളാണ് സംസ്ഥാന ഗസറ്റില്‍ പരസ്യം ചെയ്തിട്ടുള്ളത്. ഇതില്‍ 241 പേർ ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളില്‍നിന്ന് ഹിന്ദുമതത്തിലേക്കു മാറിയതാണ്. 144 പേരാണ് പുതുതായി ഇസ്ലാം മതം സ്വീകരിച്ചത്. 119 പേര് ക്രിസ്ത്യാനികളായെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags : Christians Hindus Islam Muslim communities Hindu communities