തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭരണസംബന്ധവും ഭരണനിർവഹണവുമായ പ്രശ്നങ്ങൾ ഏകോപിപ്പിക്കുന്നതിന് അക്കാഡമിക് സിൻഡിക്കറ്റുകൾ രൂപീകരിക്കുമെന്നു ഗവർണറുടെ നയപ്രഖ്യാപനം. വിദേശത്തേക്ക് പഠനത്തിനായുള്ള വിദ്യാർഥികളുടെ ഒഴുക്ക് കുറയ്ക്കുന്നതിനും പ്രഗത്ഭരായ വിദ്യാർഥികളെ കേരളത്തിൽ നിലനിർത്തുന്നതിനുമായി സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികസിപ്പിക്കും.
യുജിസി അംഗീകൃത ബിരുദങ്ങൾ കേരളത്തിൽ ഏകീകൃതവും സുതാര്യവുമായ രീതിയിൽ അംഗീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭരണസംബന്ധവും ഭരണ നിർവഹണവുമായ പ്രശ്നങ്ങൾ ഏകോപിപ്പിക്കുന്നതിന് പരമോന്നത സമിതിയായി 33 അക്കാഡമിക് സിൻഡിക്കേറ്റ് രൂപീകരിക്കും. വിദ്യാർഥികളെയും വ്യവസായത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാന വ്യാപക അപ്രന്റീസ്ഷിപ്പ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോം വികസിപ്പിക്കും.
വിദ്യാർഥികൾക്കിടയിൽ ശാസ്ത്രാവബോധം വർധിപ്പിക്കാൻ ജവഹർലാൽ നെഹ്റു സയന്റിഫിക് സെന്ററുകൾ സ്ഥാപിക്കും. സെമസ്റ്റർ ഇൻ കേരള കർമപരിപാടി ആവിഷ്കരിക്കാനും അക്കാഡമിക് ടൂറിസം ശക്തിപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നതായും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. യുവജനങ്ങൾക്ക് തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനായി നൈപുണ്യവികസന പദ്ധതികൾ വിപുലീകരിക്കും. എല്ലാ ജില്ലകളിലേയും പ്ലസ് ടു സീറ്റുകളുടെ എണ്ണം ആവശ്യകതയനുസരിച്ച് വർധിപ്പിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
Tags : Academic syndicates unify higher education sector