സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും (File Photo)
കോട്ടയം: രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത് ഒരു 'ബാറിൽ' വെച്ചാണെന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാറുള്ള ഒരു കാര്യമാണ്. നമ്മുടെ നാട്ടിലെ മദ്യശാലകളെ മനസിൽ കണ്ടുകൊണ്ട് ഈ സംഭവത്തെ വിലയിരുത്തുമ്പോൾ ഉണ്ടാകുന്ന തെറ്റിദ്ധാരണകൾക്ക് വ്യക്തമായ മറുപടി നൽകുകയാണ് യൂറോപ്പിൽ താമസിക്കുന്ന ഒരു യുവതി. കെ.എ. ഷാജി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലാണ് യുവതിയുടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
യൂറോപ്യൻ സംസ്കാരത്തിൽ 'ബാർ' എന്നത് മദ്യപാനത്തിനുള്ള ഇടം മാത്രമല്ല; മറിച്ച്, നമ്മുടെ നാട്ടിലെ കോഫി ഹൗസുകൾക്കോ കഫേകൾക്കോ സമാനമായ ഇടങ്ങളാണവ. കുട്ടികളും കുടുംബങ്ങളുമെല്ലാം ഒത്തുകൂടി കാപ്പിയും ലഘുഭക്ഷണവും കഴിക്കാൻ എത്തുന്ന തികച്ചും സാധാരണമായ ഒരിടത്തെയാണ് അവിടെ ബാർ എന്ന് വിളിക്കുന്നത്. അത്തരമൊരു കഫേയിലായിരുന്നു ആ ചരിത്രപരമായ കൂടിക്കാഴ്ച നടന്നതെന്നും, അതിനെ മദ്യപാനവുമായി കൂട്ടിക്കെട്ടുന്നത് അവിടുത്തെ ജീവിതരീതിയെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണെന്നും ഈ കുറിപ്പ് ഓർമിപ്പിക്കുന്നു.
ആ യുവതിയുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങളിലേക്ക്...
മൂന്നു പതിറ്റാണ്ടിലേറെയായി റോമിൽ അതായത് ഇറ്റലിയിലാണ് ഞാൻ ജീവിക്കുന്നത്. സോണിയ ഗാന്ധിയുടെ പുസ്തകത്തോട് അനുബന്ധിച്ചുള്ള സംവാദങ്ങൾ, വിമർശനങ്ങൾ പലതും ബാലിശമായി തോന്നി.
രാജീവ് ഗാന്ധി സോണിയയെ കാണുന്നത് ഒരു ബാറിൽ വെച്ചാണ്. അതിനർത്ഥം അദ്ദേഹം മദ്യപിക്കാൻ ബാറിൽ പോയി എന്നുള്ളതല്ല.
യൂറോപ്പിൽ ബാർ എന്നറിയപ്പെടുന്നത് വെറും കോഫി ഹൗസ് മാത്രമാണ്. കോഫി ഹൗസിന്‍റെ അപരനാമം മാത്രമാണത്. കുട്ടികളും കുടുംബിനികളും സഹിതം കോഫി കഴിക്കാൻ വരുന്ന സ്ഥലമാണ് ബാർ.
ഇന്ന് യാത്ര ചെയ്യുന്ന ഏതൊരു ആൾക്കും ഇത് അറിയാതെയും അല്ല. ഇത്തരം സ്ഥലങ്ങളിൽ ഡാൻസ് പരിപാടികൾ നടത്താറില്ല ആരും. അതിന് പ്രത്യേകം നൈറ്റ് ക്ലബ്ബുകൾ ആണുള്ളത്. ഡാൻസ് നടക്കുന്ന സ്ഥലങ്ങളെ ബാർ എന്ന് ആരും വിളിക്കാറുമില്ല ഇവിടെ.
ഇവിടെ പ്രായപൂർത്തിയായ പെൺകുട്ടികൾ സഹിതം പോക്കറ്റ് മണിക്ക് വേണ്ടി പഠനത്തോടൊപ്പം ജോലിയും ചെയ്യും. അല്ലാതെ പ്രൊഫഷണൽ കോഴ്സ് പഠിപ്പിച്ചിട്ടു പോലും വിവാഹത്തിനു വേണ്ടി അവസാനം നൂറു പവനും കാറും തികയ്ക്കാൻ ലോൺ എടുപ്പിക്കുന്ന മാതാപിതാക്കളെ ഉളുപ്പില്ലാതെ നോക്കിയിരിക്കുന്ന നമ്മുടെ പെൺകുട്ടികൾ പോലെയല്ല സായിപ്പിന്‍റെ മക്കൾ. അവർ ചെറുപ്പത്തിലെ, എത്ര സമ്പന്ന കുടുംബം ആയാലും സ്വയം ഏൺ ചെയ്തു തുടങ്ങും.
ഇന്ദിര ഗാന്ധിയെ കണ്ടപ്പോൾ അവർ കമ്മ്യൂണിക്കേറ്റ് ചെയ്തത് ഫ്രഞ്ച് ഭാഷയിലാണ് എങ്കിൽ അതിനർഥം ആഢ്യത്വവും കുലീനവുമായ കുടുംബം ആയിരിക്കണം. കാരണം അക്കാലഘട്ടത്തിൽ ഇവിടെ കുടുംബങ്ങളിലെ പെൺകുട്ടികളെ പിയാനോ വായിക്കാനും ഫ്രഞ്ച് ഭാഷ പഠിപ്പിക്കാനും മാതാപിതാക്കൾ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു
വാൽക്കഷണം..
എന്‍റെ ചേച്ചി 40 വർഷം മുൻപ് മെഡിസിൻ പഠിക്കാൻ റോമിൽ വരികയും , 35 വർഷമായി ഇറ്റാലിയൻ പൗരനെ വിവാഹം കഴിച്ച് ഇറ്റലിയിൽ ജീവിക്കുകയാണ്. എന്തോ ഭാഗ്യം ഇതുവരെ ഇന്ത്യൻ ചാര വനിത എന്ന് കേൾക്കേണ്ടി വന്നിട്ടില്ല. വിവരദോഷികളും തരംതാണവരും ഇവിടെ ഇല്ലാത്തതു കൊണ്ടാണോ? ആയിരിക്കാം അല്ലേ?
ബാറിൽ ജോലി എന്നാൽ വളരെ മാന്യമായ വസ്ത്രം ധരിച്ച്, കപ്പുച്ചീനോ അഥവാ സ്നാക്സ് ഒക്കെ സേർവ് ചെയ്യും. മറ്റൊരു ജോലിയും ബാർ എന്ന് വിളിക്കുന്ന കോഫി ഷോപ്പുകളിൽ സാധ്യമല്ല. ഇതിനുള്ള സൗകര്യമോ സ്ഥലമോ ഇവിടെ ഇല്ല. ഒരുതരം ചെറിയ ചായക്കടയാണത്. യൂറോപ്പിൽ വിദ്യാർത്ഥികളുടെ ആദ്യകാല ജോലി, പൊതുവേ ബാറിലാണ്. യൂണിവേഴ്സിറ്റി കാലഘട്ടത്തിൽ ഒക്കെ.
നിത്യവും ഞാൻ ബാറിൽ പോയി എന്‍റെ മക്കളോടൊപ്പം കപ്പുച്ചീനോ കഴിക്കുന്നത് കൊണ്ട് എഴുതാതിരിക്കാൻ കഴിഞ്ഞില്ല.
Tags : Bar Europe SoniaGandhi RajivGandhi National Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs