കൊച്ചി: ശബരിമലയിലെ സമാന്തര നെയ് വിൽപനയിൽ ഇടപെട്ട് ഹൈക്കോടതി. മേൽശാന്തിമാരും ഉൾക്കഴകക്കാരും നെയ് വിൽക്കുന്നത് ഹൈക്കോടതി വിലക്കി. മേൽശാന്തിമാരുടെ മുറികളിൽ സൂക്ഷിച്ച നെയ് ഉടൻ ദേവസ്വം ബോർഡിന് കൈമാറാനും ഹൈക്കോടതി ഉത്തരവിട്ടു.
നൂറ് രൂപ നിരക്കിൽ മേല്‍ശാന്തിമാരുടെ മുറികളില്‍ നെയ് വില്പന നടക്കുന്നുണ്ടെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഇടപെടൽ. ഇത്തരത്തിലുള്ള നെയ് വിൽപന നിയമപരമല്ലെന്നായിരുന്നു ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്.
അഭിഷേകത്തിനായി തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളിൽ നെയ് വാങ്ങുന്നതിനും ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് ദേവസ്വം ബോർഡ് നെയ് വിൽക്കുന്നതിന് പുറമേയാണ് മേല്‍ശാന്തിമാര്‍ ഉൾപ്പെടെയുള്ളവരുടെ മുറികളിലെ കച്ചവടം.