കൊച്ചി: പാചകവാതക ക്ഷാമത്തിനു ബദല്‍മാര്‍ഗമായി വിറക് അടുപ്പുകളിലേക്കും പുകയില്ലാ അടുപ്പുകളിലേക്കും തിരിയുകയാണ് ആളുകള്‍.
ഹോട്ടലുകള്‍ വരെ പുകയില്ലാ അടുപ്പുകളെക്കുറിച്ച് അന്വേഷിച്ചുതുടങ്ങി. ഇതോടെ വിറകിനും അറക്കപ്പൊടിക്കും വില കുത്തനേ ഉയര്‍ന്നു. അടുക്കളകളിൽ റോക്കറ്റ് സ്റ്റൗവും സ്ഥാനംപിടിച്ചു തുടങ്ങിയിട്ടുണ്ട്.
പുകയില്ലാത്ത അടുപ്പുകള്‍ക്കായി ഹോട്ടലുടമകളാണ് കൂടുതലും ബന്ധപ്പെടുന്നതെന്നാണ് ആലുവയിലെ പുകയില്ലാ അടുപ്പ് നിര്‍മാണക്കാരായ വിഷ്ണു ഇന്‍ഡസ്ട്രീസ് പ്രതിനിധി പറയുന്നത്.
തിരുവനന്തപുരം, പാലക്കാട്, കാക്കനാട്, ഏലൂര്‍ എന്നിവിടങ്ങളിലെ ആറു ഹോട്ടലുകള്‍ ഇതിനകം ആവശ്യവുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ഒരു ദിവസംകൊണ്ട് അടുപ്പ് സ്ഥാപിച്ച് ഉപയോഗിക്കാന്‍ കഴിയുമോ എന്നാണു പലരും ചോദിക്കുന്നത്. ആവശ്യക്കാര്‍ ഏറിയതോടെ ചെയ്തുകൊടുക്കാന്‍ സമയമില്ലാതെ ഓട്ടത്തിലുമാണ് നിര്‍മാതാക്കള്‍.
ഡിമാന്‍ഡ് കൂടിയതോടെ വിറകിനും അറക്കപ്പൊടിക്കും വിപണിയില്‍ റിക്കാര്‍ഡ് വിലയാണിപ്പോള്‍. ഒരാഴ്ചയ്ക്കിടെ വിറക് ടണ്ണിന് 500 രൂപ വരെയാണു വര്‍ധിച്ചത്. ഹോട്ടലുകളും ചെറുകിട ബേക്കറികളും വീണ്ടും വിറകിലേക്കും അറക്കപ്പൊടി അടുപ്പുകളിലേക്കും മാറിയതാണ് വിപണിയില്‍ പെട്ടെന്നു ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായത്.
തടികള്‍ അറുത്തു പലകകളാക്കിയശേഷം ബാക്കി വരുന്ന വിറക് ടണ്ണിന് 1500 രൂപ മുതല്‍ 2000 രൂപ വരെയും റബര്‍ വിറകിന് 3000 മുതല്‍ 3500 രൂപയുമായി വര്‍ധിച്ചു. നന്നായി ഉണങ്ങിയതും മുറിച്ചതുമായ വിറക് കിലോഗ്രാമിന് 10 മുതല്‍ 25 വരെ ചില സ്ഥലങ്ങളില്‍ ഈടാക്കാറുണ്ട്.
ക്വിന്റലിനു ശരാശരി 400 മുതല്‍ 600 വരെയാണു നിലവിലെ വിപണി വില. വിറക് ചിപ്പുകള്‍ കിലോഗ്രാമിന് പത്തു രൂപയും വിറക് പെല്ലറ്റുകള്‍ക്ക് കിലോയ്ക്ക് 20 മുതല്‍ 25 വരെയായി. കൈവിറകിന് 2700 വരെയും വിലയുണ്ട്.
അറക്കപ്പൊടി ഒരു ചാക്കിന് 50 മുതൽ 80 രൂപ വരെയായിരുന്നത് ഇപ്പോള്‍ 150 രൂപയ്ക്കു മുകളിലെത്തി. അറക്കപ്പൊടി കട്ടകളാക്കി വലിയ ഫാക്ടറികള്‍ ഇന്ധനമായി ഉപയോഗിച്ചുതുടങ്ങിയതോടെ ചെറുകിട കച്ചവടക്കാര്‍ക്ക് ഇതു ലഭിക്കാത്ത സാഹചര്യമാണുള്ളത്.
പാചകവാതക ക്ഷാമത്തിനു പിന്നാലെ വിറകുവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ റോക്കറ്റ് സ്റ്റൗകള്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് ഹോട്ടലുടമകള്‍. വിറക് ഉപയോഗിച്ച് വായുമര്‍ദത്തില്‍ ഉയര്‍ന്ന താപനില നല്‍കുന്നതാണ് റോക്കറ്റ് അടുപ്പുകള്‍.
ഇത്തരം അടുപ്പുകള്‍ക്ക് സാധാരണയിലും കുറച്ചു വിറക് മതിയാകും. പുകയില്ലാത്ത അടുപ്പിനു സമാനമാണിത്.
തുടക്കത്തില്‍ ചിരട്ട ഉപയോഗിച്ചും തുടര്‍ന്ന് വിറകിലുമാണ് പ്രവര്‍ത്തിക്കുന്നത്. കത്തിത്തുടങ്ങിയാല്‍ ബ്ലോവര്‍ ഉപയോഗിച്ചു നിയന്ത്രിക്കാം.
33,000 മുതല്‍ 54,000 വരെയാണ് ഒരെണ്ണത്തിന്റെ വില. കൊച്ചി നഗരത്തില്‍ പല ഹോട്ടലുകളിലും റോക്കറ്റ് അടുപ്പുകള്‍ ഇടം പിടിച്ചു കഴിഞ്ഞു.
Tags : Bookings smokeless stoves increasing