കൊച്ചി: സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ വഴി കോൺഗ്രസിനെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. തൊണ്ണൂറിലധികം വ്യാജ പേജുകളുടെ വിവരങ്ങൾ പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
പാർട്ടിയെ പൊതുജനമധ്യത്തിൽ മോശമായി ചിത്രീകരിക്കാനും തെറ്റിദ്ധാരണ പരത്താനും ലക്ഷ്യമിട്ട് ചില സൈബർ പ്രൊഫൈലുകൾ ബോധപൂർവ്വം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കെപിസിസി പ്രസിഡന്റിന്റെ അനുമതിയോടെയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള വീട് നിർമാണ ഫണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന വിവാദങ്ങളിൽ ദീപ്തിക്കെതിരെയും പാർട്ടിക്കെതിരെയും കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. പാർട്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ഒരു പ്രത്യേക വിഭാഗം സൈബർ ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് ആരോപിക്കുന്നു.