ആലപ്പുഴ: കിടപ്പുരോഗിയായ അമ്മയെ സംരക്ഷിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത-ശിശുക്ഷേമ വകുപ്പ് ജീവനക്കാർക്കുനേരെ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന പട്ടണക്കാട് ഹൈസ്കൂൾ ബ്രാഞ്ച് സെക്രട്ടറിയായ പ്രസന്നകുമാർ എന്ന പ്രസാദ് (52) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. വനിത-ശിശുക്ഷേമ വകുപ്പിലെ ജില്ലാ വനിതാ സംരക്ഷണ ഓഫീസർമാരായ മായ എസ്.പണിക്കർ,കൗൺസിലർ അഞ്ജന, ഡ്രൈവർ ലോറൻസ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. കിടപ്പുരോഗിയായ അമ്മ സതിയെ സംരക്ഷിക്കുന്നില്ലെന്ന് കാട്ടി പ്രസന്നകുമാറിന്റെ മൂത്ത സഹോദരി അമ്പിളി പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് ഇവരെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് ഇയാൾ മർദിച്ചത്.
സംഭവമുണ്ടായതിന് പിന്നാലെ പോലീസ് ഇവിടെയെത്തിയെങ്കിലും അമ്മയെ കട്ടിലിൽ നിന്നും എടുത്തുയർത്തി ഇയാൾ ഭീഷണിമുഴക്കി. ഇതോടെ പോലീസ് മടങ്ങുകയായിരുന്നു. പിന്നാലെ ഇയാൾ വീട്ടിൽനിന്നും മുങ്ങി.
മന്ത്രി ബിന്ദു കൃഷ്ണ പ്രതിയെ പിടികൂടണമെന്ന് നിർദേശം നൽകിയിരുന്നു. ഞായറാഴ്ച പുലർച്ചെ കായംകുളം കൃഷ്ണപുരത്ത് നടത്തിയ പരിശോധനയിൽ പട്ടണക്കാട് സ്റ്റേഷൻ ഓഫീസർ പി.എസ്.ജയന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രസന്നകുമാറിനെ ചേർത്തല ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Tags : cpm branch secretary arrest