തിരുവനന്തപുരം: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ലൈറ്റുകൾ ഓഫാക്കി ഭൗമ മണിക്കൂർ ആചരിക്കും. പരിസ്ഥിതി സംഘടനയായ വേൾഡ് ലൈഫ് ഫണ്ടിന്‍റെ ആഹ്വാനപ്രകാരമാണിത്.
അത്യാവശ്യമില്ലാത്ത ഊർജ ഉപയോഗം ഒഴിവാക്കുക എന്ന ആഗോള പ്രതീകാത്മക ദിനാചരണത്തിന്‍റെ ഭാഗമായാണ് രാഷ്‌ട്രപതിഭവനും കേരള നിയമസഭയും ഉൾപ്പെടെ വൈദ്യുത വിളക്കുകൾ അണയ്ക്കുന്നത്. കേരളത്തിലെ നാലു വിമാനത്താവളങ്ങൾ, ലുലുമാൾ, പാളയം ജുമാ മസ്ജിദ്, വിവിധ കോളജുകൾ എന്നിവർ ഭൗമ മണിക്കൂറിൽ പങ്കെടുക്കും.
ശനിയാഴ്ച രാവിലെ തിരുവനന്തപുരം മാനവീയം വീഥിയിൽ 80 സൈക്ലിസ്റ്റുകൾ പങ്കെടുക്കുന്ന എർത്ത് അവർ സൈക്ലത്തോൺ നടക്കും. വൈകിട്ട് മ്യൂസിയം റേഡിയോ സ്റ്റാൻഡിൽ 6.30 മുതൽ മെഴുകുതിരി തെളിക്കലും "പാട്ടിന്‍റെ കൂട്ടുകാർ' സംഗീത നിശയും നടക്കും.
ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി പരിപാടിയായ ഭൗമമണിക്കൂറിന്‍റെ ഇരുപതാം വാർഷികം കൂടിയായ ശനിയാഴ്ച രാത്രിയിലെ ലൈറ്റണക്കലിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കുടുംബങ്ങളും സഹകരിക്കണമെന്ന് ഡബ്ല്യുഡബ്ല്യുഎഫ് സംസ്ഥാന ഡയറക്ടർ രഞ്ജൻ മാത്യു വർഗീസും സീനിയർ ഓഫീസർ എ.കെ. ശിവകുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags : Earth Hour Lights