നിലമ്പൂര്‍: പോക്സോ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാസര്‍ഗോഡ് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കര്‍ശന ഉപാധികളാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യമായ തുകക്കുള്ള രണ്ട് ആള് ജാമ്യവും മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാക്കണം.
അടുത്ത ഒരു ഉത്തരവ് ഉണ്ടാകും വരെ എല്ലാ ശനിയാഴ്ചയും രാവിലെ 10 നും 11 നുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ഒരു കാരണവശാലും സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം. വിചാരണ കോടതിയുടെ ഉത്തരവ് ഉണ്ടാകും വരെ സംസ്ഥാനം വിടാന്‍ പാടില്ല. തുടങ്ങിയ ഉപാധികളും ജാമ്യവ്യവസ്ഥയിലുണ്ട്. പ്രതി ഫെബ്രുവരി 13 മുതല്‍ കോഴിക്കോട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടുള്ള ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നിലമ്പൂര്‍ പോലീസാണ് മുന്‍ പോലീസുകാരന് കൂടിയായ ഫിലിപ്പ് മമ്പാടിനെ അറസ്റ്റ് ചെയ്തത്. മാനസികാസ്വസ്ഥ്യമുള്ള പെണ്‍കുട്ടിയെ രക്ഷിതാക്കളാണ് കൗണ്‍സിലിംഗിനായി ഫിലിപ്പ് മമ്പാടിന്റെ വീട്ടില്‍ എത്തിച്ചത്.
2025 സെപ്റ്റംബര്‍ മൂന്നിന് പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയും പോലീസിന്റെ ഐഡി കാര്‍ഡ് ദുരുപയോഗപ്പെടുത്തി റൂം എടുത്ത് പീഡിപ്പിക്കുകയായിരുന്നു എന്ന പരാതിയിലാണ് നിലമ്പൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്. അന്വേഷണ ചുമതലയുള്ള നിലമ്പൂര്‍ ഡിവൈഎസ്പി വിശ്വംഭരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിലമ്പൂര്‍ പോക്സോ കോടതിയില്‍ ഉടന്‍ കേസിന്റെ വിചാരണ തുടങ്ങും.
Tags : Former police Philip Mampad granted bail POCSO