ആലപ്പുഴ: സിപിഎം പ്രാഥമിക പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് മുൻ മന്ത്രി ജി. സുധാകരൻ. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ അനുനയ നീക്കത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഫോണിലൂടെ നാസർ സുധാകരനുമായി ബന്ധപ്പെട്ടെങ്കിലും ജി. സുധാകരൻ അതൃപ്തി അറിയിച്ചതായാണ് സൂചന. തന്റെ പ്രതിഷേധം നാസറിനോട് സുധാകരൻ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്നും സുധാകരൻ നാസറിനോട് ആവർത്തിച്ചു.
അതേസമയം ജി.സുധാകരനുമായി സംസ്ഥാന നേതൃത്വം ചർച്ച നടത്തിയേക്കും. നേതൃത്വം നേരിട്ട് ഇടപെട്ട് സുധാകരനെ അനുനയിപ്പിക്കാനാണ് നീക്കം. ബുധനാഴ്ച രാവിലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരൻ പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.
പാർട്ടി പ്രാഥമിക അംഗത്വം പുതുക്കില്ലെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. 63 വര്‍ഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ച് സുധാകരൻ പാര്‍ട്ടി വിടുകയാണെന്ന സൂചനയാണ് പോസ്റ്റിലുണ്ടായിരുന്നത്.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ നിന്ന് അവഗണിച്ചു. എം.വി. ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞതായും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ഗോവിന്ദന്റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു, ആരും തിരുത്തിയില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചിരുന്നു.
Tags : g sudhakaran cpm alappuzha mv govindan