തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ വിശ്വാസികളെ കബളിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാംഗ്മൂലത്തിൽ മുൻ നിലപാടിൽ നിന്നും സർക്കാർ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയെന്ന ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ വാദം പൂർണമായും തെറ്റാണ്. "സത്യവാംഗ്മൂലത്തിൽ സർക്കാർ ഇപ്പോഴും ഉരുണ്ടുകളിക്കുകയാണ്. 2018-ലെ നിലപാടിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകാൻ സർക്കാർ തയ്യാറായിട്ടില്ല. മന്ത്രി പറയുന്നത് പച്ചക്കള്ളമാണ്," അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള നിയന്ത്രണം അവിഭാജ്യമായ ആചാരമല്ലെന്ന സുപ്രീംകോടതിയുടെ മുൻ നിരീക്ഷണത്തെ തിരുത്താൻ ആവശ്യമായ സത്യവാംഗ്മൂലമാണ് സർക്കാർ നൽകേണ്ടിയിരുന്നത്. എന്നാൽ ഈ വിഷയത്തിൽ മതപണ്ഡിതന്മാരുമായും സാമൂഹിക പരിഷ്കർത്താക്കളുമായും കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളണമെന്നാണ് സർക്കാർ ഇപ്പോഴും സ്വീകരിച്ചിരിക്കുന്ന നിലപാട്.
യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്ന് പറയാന്‍ സർക്കാർ ഇനിയും തയ്യാറായിട്ടില്ല. ഇത് വിശ്വാസികളെ കബളിപ്പിക്കലും കണ്ണിൽപൊടിയലും മാത്രമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഉമ്മൻചാണ്ടി സർക്കാർ ഈ വിഷയത്തിൽ നൽകിയ സത്യവാംഗ്മൂലത്തിൽ യുവതീ പ്രവേശനം അനുവദിക്കരുത് എന്ന് കൃത്യമായി വ്യക്തമാക്കിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : Sabarimala Chennithala Supreme Court