കൊച്ചി: റെന്‍റല്‍ ആപ്ലില്‍ വീട് വാടകയ്ക്കു നല്‍കാന്‍ പരസ്യം നല്‍കിയ ദമ്പതികളില്‍ നിന്ന് പണം തട്ടിയ കേസിലെ പ്രതി ഇവരെ പരിചയപ്പെട്ടത് പട്ടാളക്കാരനെന്ന വ്യാജേന. ജയ്പൂര്‍ മനോഹര്‍പൂര്‍ സ്വദേശി വിക്രം സര്‍ധനയെയാണ് (29) കൊച്ചി സിറ്റി സൈബര്‍ പോലീസ് രാജസ്ഥാനില്‍ നിന്ന് സാഹസികമായി പിടികൂടിയത്. ആയുധക്കടത്ത് ഉള്‍പ്പെടെ ആറോളം കേസുകളിലെ പ്രതിയാണ് ഇയാള്‍. മനോഹര്‍പൂര്‍ പോലീസിന്‍റെയും രാജസ്ഥാൻ സ്‌പെഷല്‍ ഓപ്പറേഷന്‍ ടീമിന്‍റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍.
2023 മാര്‍ച്ച് 30നായിരുന്നു സംഭവം. കൊച്ചി സ്വദേശികളായ ദമ്പതികള്‍ നോര്‍ത്ത് പറവൂരിലെ വീട് വാടകയ്ക്കു കൊടുക്കുന്നതിനായി മാജിക് ബ്രിക്സ് എന്ന സൈറ്റില്‍ രജിസ്റ്റർ ചെയ്തിരുന്നു. പട്ടാളക്കാരനാണെന്ന വ്യാജേന ദമ്പതികളെ ഫോണില്‍ ബന്ധപ്പെട്ട വിക്രം, വീടു വാടകയ്ക്കെടുക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. ഡെപ്പോസിറ്റടക്കം തുക നല്‍കാനും തയാറായി. എന്നാല്‍ പണം അക്കൗണ്ടിലുണ്ടെന്നും നിശ്ചിത തുക ഇട്ടാല്‍ ഇരട്ടിയായി തിരികെ നല്‍കാമെന്നും ഇത് അക്കൗണ്ടിന്‍റെ പ്രശ്നമാണെന്നും ദമ്പതികളെ ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. 60,000 രൂപയോളം ദമ്പതികള്‍ ഇയാൾക്കു കൈമാറി. പണം ഉടന്‍ തിര്യേ ലഭിക്കുമെന്നാണ് കരുതിയത്. പിന്നീട് ഇയാളെ വിളിച്ചാല്‍ കിട്ടാതെയായി. തുടര്‍ന്നാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് ഇവർ തിരിച്ചറിയുന്നത്. തുടർന്ന് ഇവർ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ-മെയിലായി പരാതി നല്‍കുകയായിരുന്നു.
രാജസ്ഥാനിലെ ഗ്രാമത്തിലെ പ്രതിയുടെ വീട് അര്‍ധരാത്രി വളഞ്ഞാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ജയ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് വാറന്‍റ് വാങ്ങി കൊച്ചിയിലെത്തിച്ചു. പ്രതിയെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡു ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
Tags : House rent fraud incident fraud incident in cochi kochi city police