►ഗ്ലാസില്ല, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ്◄
കഴിഞ്ഞ പ്രാവശ്യത്തെ ഗ്ലാസ് ചിഹ്നം ഉപയോഗിച്ച് കോഴിക്കോട് സൗത്തില്‍ പ്രചാരണം ഊർജിതമാക്കിയ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ അഹമ്മദ് ദേവര്‍കോവിലിനു തിരിച്ചടി. ഗ്ലാസ് ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചിഹ്നങ്ങളില്‍ ഇല്ലാത്തതിനാല്‍ വരണാധികാരി ഇന്നലെ അനുവദിച്ചത് ബക്കറ്റ് ചിഹ്നം.
ഗ്ലാസ് ചിഹ്നമുള്ള ആയിരക്കണക്കിനു പോസ്റ്ററുകള്‍ അടിച്ചിറക്കിയ പാര്‍ട്ടി ചിഹ്നമാറ്റം മൂലം വെട്ടിലായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുജയിച്ച ഗ്ലാസ് ചിഹ്നത്തിനായാണ് പാര്‍ട്ടി ഇത്തവണയും അപേക്ഷ നല്‍കിയത്. ആവശ്യപ്പെട്ട ചിഹ്നം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ ഗ്ലാസ് ചിഹ്നം ഉപയോഗിക്കുകയും ചെയ്തിരുന്നു.
പുതിയ ചിഹ്നം ലഭിച്ച സാഹചര്യത്തില്‍ പുതിയ പോസ്റ്ററുകളും ചുവരെഴുത്തുകളുമായി പ്രചാരണം ശക്തമാക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. എല്ലാവര്ക്കും അറിയാവുന്നതും എല്ലാവരും ദൈനംദിനം ഉപയോഗിക്കുന്നതുമായ ചിഹ്നമാണു ബക്കറ്റ്. അതു ചുമരുകളിലും ബോര്‍ഡുകളിലും വരയ്ക്കാനും എളുപ്പമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. മണ്ഡലത്തില്‍ നടപ്പാക്കിയ 1133 കോടിയുടെ വികസനം ചൂണ്ടിക്കാണിക്കാനുള്ളപ്പോള് ഏത് ചിഹ്നമായിരുന്നാലും വിജയം ഉറപ്പെന്നും ഇടതു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
►ഓട്ടോറിക്ഷയിൽനിന്നിറങ്ങി;കടന്നപ്പള്ളി ഇത്തവണ ടെലിവിഷനിൽ◄
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മന്ത്രി കടന്നപ്പള്ളിക്ക് ഇത്തവണ ഓട്ടോറിക്ഷ കിട്ടിയില്ല. പകരം ടെലിവിഷൻ ചിഹ്നത്തിലാണു മത്സരിക്കുക. ഇക്കുറി ഓട്ടോറിക്ഷ, ഗ്ലാസ് തുടങ്ങിയ സ്വതന്ത്ര ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച ചിഹ്ന പട്ടികയില്‍ ഇല്ലാത്തതിനാലാണ് കടന്നപ്പള്ളിയെ പുതിയ ചിഹ്നത്തിലേക്കു മാറ്റിയത്. 1971ൽ ലോക്സഭാ മണ്ഡലത്തിൽ കന്നിയങ്കത്തിൽ ജയിച്ചു കയറുന്പോൾ കോൺഗ്രസുകാരനായ കടന്നപ്പള്ളിയുടെ ചിഹ്നം പശുവും കിടാവുമായിരുന്നു. കാസർഗോഡ്നിന്നുള്ള രണ്ടാമങ്കത്തിലും കടന്നപ്പള്ളിയുടെ ചിഹ്നം ഇതുതന്നെയായിരുന്നു.
കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 1980 ഇരിക്കൂര്‍ മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ചപ്പോൾ കോൺഗ്രസിലെ ആന്റണി വിഭാഗത്തിനൊപ്പമായിരുന്നു കടന്നപ്പള്ളി. അന്നു ചർക്കയായിരുന്നു ചിഹ്നം. പിന്നീട് രണ്ടു തവണ പേരാവൂരില്‍നിന്നു ചർക്ക ചിഹ്നത്തിൽ മത്സരിച്ചതെങ്കിലും വിജയിച്ചില്ല. കോൺഗ്രസ്-എസ് എൻസിപിയിൽ ലയിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചർക്ക ചിഹ്നം മരവിപ്പിച്ചു. പിന്നീട് എൻസിപി പിളർന്ന് കോൺഗ്രസ്-എസ് പുനരുജ്ജീവിപ്പിച്ച കടന്നപ്പള്ളി വിമാനം ചിഹ്നത്തിൽ എടക്കാട് മത്സരിച്ചു.
മൂന്നു തവണ ചർക്ക ചിഹ്നത്തിൽ മത്സരിച്ചു പരാജയപ്പെട്ട കടന്നപ്പള്ളിക്കു വിമാനം വിജയചിഹ്നമായി മാറി. 2011ൽ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ കപ്പും സോസറും ചിഹ്നത്തിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ലും 2021 ലും ഓട്ടോറിക്ഷയില്‍ കയറിയാണു കടന്നപ്പള്ളി നിയസഭയിലെത്തിയതും മന്ത്രിയായതും.
►കാഹളമൂതുന്ന മനുഷ്യനില്‍ തൃപ്തനാകാതെ എ.കെ. ശശീന്ദ്രന്◄
എലത്തൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.കെ. ശശീന്ദ്രനു പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് ലഭിക്കാത്തതില്‍ നിയമനടപടിക്ക് എന്‍സിപി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ എ.കെ. ശശീന്ദ്രനായിരുന്നു ക്ലോക്ക് ചിഹ്നം അനുവദിച്ചത്. ഇത്തവണ അജിത്പവാര്‍ വിഭാഗം പ്രതിനിധിയായ സ്ഥാനാര്‍ഥി പി.കെ. ശശീന്ദ്രനാണു വരണാധികാരി ക്ലോക്ക് ചിഹ്നം അനുവദിച്ചത്. തെരഞ്ഞെടുപ്പില്‍ എ.കെ. ശശീന്ദ്രനെ തോല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നാണു ശരദ് പവാറിനെ അനുകൂലിക്കുന്ന കേരള എന്‍സിപി നേതാക്കളുടെ ആരോപണം. കാഹളമൂതുന്ന മനുഷ്യനാണ് എ.കെ. ശശീന്ദ്രന്റെ ചിഹ്നം.
ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അജിത്പവാര്‍ വിഭാഗത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചതോടെ തെരഞ്ഞെടുപ്പുകളില്‍ അജിത്പവാര്‍ പക്ഷം ഔദ്യോഗിക എന്‍സിപിയായി അംഗീകരിക്കപ്പെടുമെന്നും അതു തിരിച്ചടിയാകുമെന്നും ശരദ് പവാര്‍ വിഭാഗത്തിന് ആശങ്കയുണ്ട്. നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനാവേളയില്‍ ക്ലോക്ക് ചിഹ്നത്തിനായി ഇരു വിഭാഗവും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, ഭൂരിപക്ഷം ജനപ്രതിനിധികളുടെ പിന്തുണ കണക്കിലെടുത്താണ് വരണാധികാരി അജിത് പവാര്‍ വിഭാഗത്തിന് അനുകൂലമായ തീരുമാനമെടുത്തത്.
►ടെലിവിഷനുമായി മുന്നോട്ടു പോകാൻ കെ.കെ. രമ◄
യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ. രമയ്ക്ക് ഫുട്ബോള്‍ ചിഹ്നം ലഭിച്ചില്ല. പകരം ടെലിവിഷന്‍ അനുവദിച്ചു. സ്വതന്ത്ര സ്ഥനാര്‍ഥികള്‍ക്ക് നല്കി വരുന്ന ചിഹ്നങ്ങളില്‍നിന്ന് ഫുട്ബോള്‍ ഒഴിവാക്കപ്പെട്ടതിനാലാണ് കെ.കെ. രമയ്ക്ക് ഇത് അനുവദിക്കാതിരുന്നതെന്നാണ് വിശദീകരണം. ഫുട്ബോള്‍ ചിഹ്നമാണ് പലപ്പോഴും ആര്‍എംപിഐക്ക് ലഭിച്ചിരുന്നത്. 2021ലെ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഫുട്ബോള്‍ ചിഹ്നത്തിലാണ് ആര്‍എംപിഐ മത്സരിച്ചത്. പ്രചാരണ രംഗത്ത് ഫുട്ബോള്‍ ചിഹ്നവുമായി കെ.കെ. രമ സജീവമായി തുടരുന്നതിനിടെയാണ് ചിഹ്നം നിഷേധിച്ച നടപടി.
ഇതില്‍ വിമര്‍ശനവുമായി ആര്‍എംപിഐ രംഗത്തെത്തി. ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഇലക്ഷന് കമ്മീഷന് നടപടി താത്കാലികമായി അംഗീകരിച്ച് ടെലിവിഷന്‍ ചിഹ്നത്തില്‍ മത്സരത്തില്‍ ഉറച്ചുനിന്നു മുന്നോട്ട് പോകുമെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു അറിയിച്ചു.
►ജി. സുധാകരനു തെങ്ങിൻതോപ്പ്◄
വർഷങ്ങളായി അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ചിരുന്ന ജി.സുധാകരൻ ഇത്തവണ അങ്കത്തിനിറങ്ങുന്നത് തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ. തെരഞ്ഞെടുപ്പ് മത്സരരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സുധാകരൻ ആദ്യമായാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നത്. സിപിഎമ്മുമായി തെറ്റിയ സുധാകരൻ യുഡിഎഫ് പിന്തുണയോടെ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് അമ്പലപ്പുഴയിൽ മത്സരിക്കുന്നത്.
നഷ്ടപ്പെട്ട അഞ്ച് വർഷങ്ങളുടെ വികസന നഷ്ടം നികത്താൻ എന്ന തലക്കെട്ടോടെ ചിഹ്നമില്ലാത്ത പോസ്റ്ററുകൾ പ്രചരിച്ചിരുന്നു. എന്നാൽ ചിഹ്നം പതിച്ച പോസ്റ്ററുകൾ അടുത്തദിവസം മുതൽ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങും. അതിനുള്ള തിരക്കിലാണ് സ്ഥാനാർഥിയും പ്രവർത്തകരും.
Tags : symbol Candidates Kerala Assembly Election Niyama Sabha Election