തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കുക എന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിൽ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് നൽകിയ വാഗ്ദാനം പോലെ ആയിരിക്കില്ല. എൽഡിഎഫ് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ എൽഡിഎഫ് സർക്കാറിന്റെ കാലാവധി തീരാനിരിക്കെയാണ് 1500 ഉള്ളത് 100 രൂപ കൂട്ടിയത്. അതിൽനിന്ന് 2000 ആക്കി ഉയർത്തിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Tags : Pension Niyamasabha VD Satheesan